ഋഷികേശ്

മലയാളത്തിലെ ഹിമാലയൻ യാത്രാസാഹിത്യത്തിൽ പ്രകൃതിവർണനയ്ക്കും ആത്മീയാനുഭവങ്ങൾക്കും സാഹസികമായ യാത്രാവിവരണങ്ങൾക്കും ഒരു പോലെ പ്രാധാന്യമുള്ള രചനകളുണ്ട്. അത്തരം യാത്രാവിവരണങ്ങളിൽ ശ്രദ്ധേയമായ ഒരു പാഠഭാഗമാണ് ‘ഹൃഷികേശ്’. ഹിമാലയത്തിലേക്കുള്ള യാത്ര യുടെ ആദ്യഘട്ടത്തിൽ യാത്രികൻ നേരിടുന്ന അനുഭവങ്ങളും കണ്ടുമുട്ടുന്ന സന്യാസിമാരുമായുള്ള സംഭാഷണങ്ങളും ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്ര ങ്ങളെക്കുറിച്ചുള്ള അറിവുകളും ഈ ഭാഗത്ത് സമന്വയിക്കുന്നു. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കണമെന്ന തീവ്രമായ ആഗ്രഹ വുമായി യാത്ര തിരിക്കുന്ന ആഖ്യാതാവ്, ഹരിദ്വാറിൽനിന്ന് ഹൃഷികേശി ലെത്തുന്നതും അവിടെ സഹജാനന്ദ് എന്ന സന്യാസിയെയും മറ്റു സന്യാസി മാരെയും പരിചയപ്പെടുന്നതും തുടർന്നുള്ള യാത്രയുടെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാക്കുന്ന തുമാണ് പാഠഭാഗത്തിൻ്റെ പ്രധാന പ്രമേയം. പുറംലോകത്തിലേക്കുള്ള യാത്ര യ്ക്കൊപ്പം മനുഷ്യൻ്റെ ആന്തരിക ലോകത്തിലേക്കുള്ള അന്വേഷണവും ഇവിടെ സജീവമാകുന്നു. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യാനുള്ള തീരുമാനമാണ് ഈ അധ്യായത്തിന്റെ കേന്ദ്രപ്രമേയം. യാത്രികന്റെ മനസ്സിൽ ഹിമാലയം കേവലം ഒരു ഭൂപ്രദേശമല്ല; ആത്മീയമായ ആകർഷണവും അജ്ഞാതമായ അനുഭവങ്ങളുടെ ലോകവുമാണ്.
രാജസ്ഥാനിലെ അബുവിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യാത്രികൻ ആദ്യം ഹരിദ്വാറിൽ ചില വിവരങ്ങൾ അന്വേഷിക്കുന്നു. അവിടെനിന്ന് ഹൃഷികേശിലേക്ക് വേഗത്തിൽ പോകുന്നതാണ് ഉചിതമെന്ന് ഒരു മേൽശാന്തി ഉപദേശിക്കുന്നു. തുടർന്ന് ടാക്സിയിൽ യാത്ര ചെയ്യുന്ന ആഖ്യാതാവ് സഹജാനന്ദ് ഉൾപ്പെടെയുള്ള സന്യാസിമാരെ പരിചയപ്പെടുന്നു. അവരുടെ സഹായത്തോടെ ആന്ധ്രാ ആശ്രമത്തിൽ താമസസൗകര്യം ലഭിക്കുന്നു. രാത്രിയിലെ ഹൃഷികേശിൻ്റെ ശാന്തമായ അന്തരീക്ഷവും പുലർച്ചെയുള്ള ഗംഗാസ്നാനവും ആശ്രമത്തിലെ സന്യാസിമാരുമായുള്ള സംഭാഷണങ്ങളും യാത്രാവിവരണത്തിന് സവിശേഷമായ ഭംഗി നൽകുന്നു. എന്നാൽ കേദാർനാഥും ബദരീനാഥും ഹൃഷികേശിന് സമീപത്തുള്ള സ്ഥലങ്ങളല്ലെന്നും അവിടെയെത്താൻ നൂറുകണക്കിന് കിലോമീറ്ററുകൾ പിന്നി ടേണ്ടിവരുമെന്നും സഹജാനന്ദ് വ്യക്തമാക്കുമ്പോൾ യാത്രികന്റെ മുൻ ധാരണ കൾ തിരുത്തപ്പെടുന്നു. യാത്രയുടെ പ്രയാസങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടിട്ടും പിന്മാറാൻ അയാൾ തയ്യാറാകുന്നില്ല. ഒടുവിൽ ഹിമാലയത്തിലേക്കുള്ള കാൽനടയാത്ര തുടരാനുള്ള ഉറച്ച തീരുമാനത്തോടെ ആശ്രമത്തിൽനിന്ന് യാത്ര തിരിക്കുന്നു. ഇങ്ങനെ, യാത്രയ്ക്കുള്ള ഒരുക്കം, അനുഭവങ്ങളിലൂടെയുള്ള അറിവുനേടൽ, പ്രതിസന്ധികളെ തിരിച്ചറിയൽ, ലക്ഷ്യത്തിലേക്കുള്ള ദൃഢനിശ്ചയം എന്നീ ഘട്ടങ്ങളിലൂടെയാണ് ഈ അധ്യായത്തിൻ്റെ ഇതിവൃത്തം വികസിക്കുന്നത്. ഹിമാലയത്തിലെ തീർത്ഥാടനകേന്ദ്രങ്ങളെല്ലാം ഹൃഷികേശി നടുത്താണെന്നും ഒരാഴ്ചയ്ക്കുള്ളിൽ കാൽനടയായി അവിടെയെല്ലാം സന്ദർശിച്ച് ദൽഹിയിൽ തിരിച്ചെത്താമെന്നും അദ്ദേഹം കരുതിയിരുന്നു. എന്നാൽ സഹജാനന്ദിൻ്റെയും വയോധികനായ സന്യാസിയുടെയും അനുഭവസമ്പന്നമായ വാക്കുകൾ ആ ധാരണയെ തിരുത്തുന്നു.
ഇവിടെ യാത്രികൻ്റെ വ്യക്തിത്വത്തിലെ രണ്ടു വശങ്ങൾ പ്രകടമാകുന്നു. ഒന്നാമത്തേത്, അനുഭവപരിചയം കുറവായിരുന്നിട്ടും ലക്ഷ്യത്തോടുള്ള തീവ്രമായ അഭിനിവേശം. രണ്ടാമത്തേത്, പുതിയ അറിവുകൾ സ്വീകരിക്കാനുള്ള സന്നദ്ധത. മറ്റുള്ളവരുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും അവയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. യാത്രികൻ്റെ ഈ മനോഭാവം യാത്രയെ വെറുമൊരു വിനോദപരിപാടിയായി കാണാതെ ജീവിതാനുഭവങ്ങൾ തേടിയുള്ള അന്വേഷണമായി കാണാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ടാക്സിയാത്രയ്ക്കിടെ യാണ് ആഖ്യാതാവ് സഹജാനന്ദിനെ പരിചയപ്പെടുന്നത്. ഹൃഷികേശിലെത്തിയപ്പോൾ താമസസൗകര്യം അന്വേഷിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ അദ്ദേഹം യാത്രികന് ഒരു ആശ്രമത്തിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നു. അപരിചിതനായ ഒരാൾക്ക് സഹായം നൽകുന്നതിൽ അദ്ദേഹം കാണിക്കുന്ന സന്നദ്ധത ശ്രദ്ധേയമാണ്. ആതിഥ്യമര്യാദ മാത്രമല്ല സഹജാനന്ദിൻ്റെ പ്രത്യേകത. ഹിമാലയൻ യാത്രയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രായോഗികമായ അറിവും എടുത്തു പറയേണ്ടതാണ്. കേദാർനാഥിലേക്കും ബദരീനാഥിലേക്കും കാൽനടയായി പോകുന്നതിൻ്റെ പ്രയാസങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. യാത്രികൻ്റെ ആവേശത്തെ അന്ധമായി പ്രോത്സാഹിപ്പിക്കാതെ യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. സഹജാനന്ദിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് ആഖ്യാതാവ് നടത്തുന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ താൽക്കാലിക പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിൽ യോഗി കൾക്കുള്ള കഴിവിനെ അദ്ദേഹം പ്രശംസിക്കുന്നു. ഇതിലൂടെ സന്യാസം എന്നത് ലോകത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ലെന്നും മനുഷ്യരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുന്ന ജീവിതരീതി കൂടിയാണെന്നും ഈ അധ്യായം സൂചിപ്പിക്കുന്നു. ഈ ഭാഗത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന് സന്യാസജീവിതത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടാണ്. പൊതുവേ സന്യാസം ധ്യാനം, തപസ്സ്, പ്രാർത്ഥന, ലോക പരിത്യാഗം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ടാണ് അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ഇവിടെ സന്യാസിമാർ ആത്മീയമായ ജീവിതം നയിക്കുന്നവരെന്നതിലുപരി പ്രായോഗികമായ അറിവും കാര്യക്ഷമതയും ആതിഥ്യമര്യാദയും ഉള്ള മനുഷ്യരായാണ് ചിത്രീകരിക്ക പ്പെടുന്നത്.
ആന്ധ്രാ ആശ്രമത്തിലെ സന്യാസിമാർ അപരിചിതരായ യാത്രികരെ സന്തോഷപൂർവം സ്വീകരിക്കുന്നു. അവർക്ക് വിശ്രമിക്കാൻ മുറി നൽകുകയും ചായ തയ്യാറാക്കിക്കൊടുക്കുകയും ചെയ്യുന്നു. യാത്രികരുടെ സൗകര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഈ പ്രവൃത്തികൾ അവരുടെ മനുഷ്യസ്നേഹത്തിൻ്റെ പ്രകടനങ്ങളാണ്. സന്യാസിമാരുടെ കർമ്മകുശലതയെക്കുറിച്ചുള്ള ആഖ്യാതാവിൻ്റെ നിരീക്ഷണത്തിലൂടെ ആത്മീയതയും പ്രായോഗികജീവിതവും പരസ്പരവിരുദ്ധങ്ങളല്ലെന്ന ആശയം ശക്തിപ്പെടുന്നു. പ്രകൃതിവർണനയാണ് പാഠഭാഗത്തെ ഹൃദയഹാരിയാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടമായി ഹൃഷികേശിനെ അവതരിപ്പിക്കുന്നതിലൂടെ പ്രകൃതിയുടെ വിശാലതയും നിഗൂഢതയും ആഖ്യാതാവ് അനുഭവവേദ്യമാക്കുന്നു. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ ദൂരെയായി കാണപ്പെടുന്ന കുന്നുകൾ ഒരു പുരാതന ജീവിയെ അനുസ്മരിപ്പിക്കുന്ന രൂപമായാണ് ആഖ്യാതാവിന് അനുഭവപ്പെടുന്നത്. പ്രകൃതിയെ മനുഷ്യസങ്കൽപ്പവുമായി ബന്ധിപ്പിക്കുന്ന ഈ വർണന ഭാവനാപരമാണ്. നിലാവ്, തണുത്ത രാത്രി, ആകാശത്തിലെ നക്ഷത്രങ്ങൾ, ഇളംകാറ്റ്, ഗംഗയിലെ ഓളങ്ങളുടെ സംഗീതം എന്നിവ ചേർന്ന് ശാന്തവും കാവ്യാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മഞ്ഞുരുകിയെത്തുന്ന ജലത്തിൻ്റെ തണുപ്പും നദിയുടെ ശക്തമായ ഒഴുക്കും ഹിമാലയത്തിൻ്റെ പ്രകൃതി ശക്തിയെ അനുഭവിപ്പിക്കുന്നു. പച്ചക്കുന്നുകൾക്കപ്പുറത്തുനിന്ന് ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ ആശ്രമത്തിലെ വൃക്ഷങ്ങളുടെ ഇലകളിൽ പതിച്ച് തിളങ്ങുന്ന കാഴ്ച പ്രകൃതിയുടെ പുതുമയും മനോഹാരിതയും പ്രകടമാക്കുന്നു. ഈ വർണനകളിൽ പ്രകൃതി ഒരു പശ്ചാത്തലം മാത്രമല്ല. യാത്രികൻ്റെ മനസ്സിൽ വിസ്മയവും ഭക്തിയും സാഹസികമായ ആവേശവും ഉണർത്തുന്ന സജീവ സാന്നിധ്യമാണ്. പ്രത്യേകിച്ച് രാത്രിയിലെ ഗംഗയുടെ ശബ്ദവും മണിനാദവും ശംഖുവിളിയും മന്ത്രോച്ചാരണവും നായ്ക്കളുടെ കരച്ചിലും ഒത്തുചേരുന്ന വിവരണം ശ്രവണാ നുഭവങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു. അതുവഴി വായനക്കാരന് ആ രാത്രിയുടെ അന്തരീക്ഷം മനസ്സിൽ പുനഃസൃഷ്ടിക്കാൻ കഴിയുന്നു.
ഹൃഷികേശിലെ ഗംഗ ഈ അധ്യായത്തിൽ പ്രകൃതിസൗന്ദര്യത്തിൻ്റെയും ആത്മീയ തയുടെയും പ്രതീകമായി പ്രത്യക്ഷപ്പെടുന്നു. പുലർച്ചെ നാലുമണിക്ക് സന്യാസിമാരോടൊപ്പം ഗംഗാസ്നാനത്തിന് പോകുന്ന രംഗം ഈ ആത്മീയാന്തരീക്ഷത്തിൻ്റെ ഹൃദയഭാഗമാണ്. വിജനമായ പ്രദേശത്തുകൂടി നടന്ന് വലിയ ഉരുളൻകല്ലുകൾക്കു മുകളിലൂടെ നദിയിലെത്തുന്ന യാത്രയും അതിശക്തമായ ഒഴുക്കിൽ സ്നാനം ചെയ്യുന്നതും വായനക്കാരന് നേരിട്ടുള്ള അനുഭവത്തിൻ്റെ പ്രതീതി നൽകുന്നു. ഗംഗാജലത്തിൻ്റെ അതിശൈത്യം ഹിമവാൻ്റെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞുരുകി ഒഴുകിയെത്തുന്നതുമായി ആഖ്യാതാവ് ബന്ധിപ്പിക്കുന്നു. പ്രകൃതിയുടെ ഭൗതികമായ സവിശേഷതയും അതിൻ്റെ ആത്മീയമായ അനുഭവവും ഇവിടെ ഒരുമിക്കുന്നു. ഗംഗയുടെ തീരത്ത് ധ്യാനനിരതരായിരിക്കുന്ന സന്യാസിമാരും സമീപത്തുള്ള ക്ഷേത്രവും ആശ്രമവും ചേർന്ന് ഹൃഷികേശിൻ്റെ തീർത്ഥാടനസ്വഭാവം വ്യക്തമാക്കുന്നു. ഗംഗ ഇവിടെ ഒരു നദി മാത്രമല്ല; വിശ്വാസത്തിൻ്റെയും പവിത്രതയുടെയും ഭാരതീയ ആത്മീയപാരമ്പര്യത്തിൻ്റെയും പ്രതീകമാണ്. മേൽശാന്തി, സഹജാനന്ദ്, വയോധികനായ സന്യാസി തുടങ്ങിയ കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെയാണ് യാത്രികന് ഹിമാലയത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ ലഭിക്കുന്നത്. സംഭാഷണങ്ങൾ കഥയുടെ പുരോഗതിക്ക് സഹായിക്കുന്നതിനൊപ്പം യാത്രികൻ്റെ അജ്ഞതയും അനുഭവസമ്പന്നരായ സന്യാസിമാരുടെ അറിവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, കേദാർനാഥും ബദരീനാഥും ഹൃഷികേശിൽനിന്ന് ഏറെ അകലെയാണെന്ന സഹജാനന്ദിന്റെ വിശദീകരണം യാത്രയുടെ സ്വഭാവത്തെക്കുറിച്ചുള്ള യാത്രികൻ്റെ ധാരണ മാറ്റുന്നു. അതുവരെ മനസ്സിൽ സങ്കൽപ്പിച്ചിരുന്ന എളുപ്പമുള്ള തീർത്ഥാടനം ദീർഘവും പ്രയാസകരവുമായ യാത്രയായി മാറുന്നു. അതേസമയം, സംഭാഷണങ്ങൾ ഒരിക്കലും വരണ്ട വിവരവിവരണ ങ്ങളായിമാറുന്നില്ല. കഥാപാത്രങ്ങളുടെ വ്യക്തിത്വവും അവരുടെ ജീവിതാനുഭവങ്ങളും അവയിലൂടെ വെളിപ്പെടുന്നു. സഞ്ചാരസാഹിത്യത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന് യാത്രാനുഭവങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുകയാണ്. ഈ ഭാഗം ആ സവിശേഷത വ്യക്തമായി പ്രകടിപ്പിക്കുന്നു. ഹരിദ്വാറിൽനിന്ന് ഹൃഷികേശിലേക്കുള്ള ടാക്സിയാത്ര, യാത്രാക്കൂലി, ആശ്രമത്തിലെ താമസസൗകര്യങ്ങൾ, ചായയും ഭക്ഷണവും, ഗംഗാസ്നാനം, മലമ്പാതകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ വിവരണ ത്തിന് വിശ്വാസ്യത നൽകുന്നു.
അതോടൊപ്പം, കേദാർനാഥിലേക്കും ബദരീനാഥിലേക്കും കാൽനടയായി പോകുന്നതിൻ്റെ പ്രയാസങ്ങളെക്കുറിച്ചുള്ള പരാമർശം യാത്രാസാഹിത്യത്തിൻ്റെ അറിവുനൽകുന്ന സ്വഭാവത്തെ ശക്തിപ്പെടുത്തുന്നു. മലമ്പാതകളുടെ ദൈർഘ്യം, യാത്രയിലെ ഏകാന്തത, കാലാവസ്ഥയുടെ അനിശ്ചിതത്വം, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് വായനക്കാരന് ബോധ്യമുണ്ടാകുന്നു. ഇവിടെ യാത്രികൻ്റെ അനുഭവം വ്യക്തിപരമായ ഒരു സംഭവവിവരണം എന്നതിൽ ഒതുങ്ങുന്നില്ല. ഹിമാലയൻ തീർത്ഥാടനത്തിന് ഒരുങ്ങുന്ന മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന അറിവായി അത് മാറുന്നു. ഇവിടെ സാഹസികതയും ആത്മീയതയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. യാത്രികനെ ഹിമാലയത്തിലേക്ക് ആകർഷിക്കുന്നത് തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം മാത്രമല്ല; പ്രകൃതിയുടെ അപാരതയോടും അജ്ഞാതമായ ലോകത്തോടുമുള്ള ആന്തരികമായ അഭിനിവേശം കൂടിയാണ്. ഗംഗയുടെ മറുകരയിലെ പച്ചക്കുന്നുകൾക്കപ്പുറത്തുനിന്ന് ഏതോ ഗൂഢവും പുരാതനവുമായ ശക്തി തന്നെ മാടിവിളിക്കുന്നുണ്ടോ എന്ന ആഖ്യാതാവിൻ്റെ ചിന്ത ഈ മനോഭാവത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്കാരമാണ്. ഈ ചിന്തയിൽ ഹിമാലയം ഭൂമിശാസ്ത്രപരമായ ഒരു പ്രദേശമെന്നതിലുപരി മനുഷ്യൻ്റെ ഭാവനയെയും ആത്മീയബോധത്തെയും ഉണർത്തുന്ന ശക്തിയായി മാറുന്നു. അജ്ഞാതത്തെ അറിയാനും പ്രകൃതിയുടെ നിഗൂഢതകളിലേക്ക് കടന്നുചെല്ലാനുമുള്ള മനുഷ്യൻ്റെ സ്വാഭാവികമായ ആഗ്രഹമാണ് ഇവിടെ പ്രകടമാകുന്നത്. സാഹസികത യാത്രികനെ മുന്നോട്ടു നയിക്കുമ്പോൾ ആത്മീയമായ ആകർഷണം ആ യാത്രയ്ക്ക് ആഴമേകുന്നു. ഈ രണ്ടു ഘടകങ്ങളുടെയും സമന്വയമാണ് ഈ അധ്യായത്തെ കേവലമായ സ്ഥലവിവരണത്തിൽനിന്ന് ഉയർത്തുന്നത്. പ്രകൃതിദൃശ്യങ്ങളുടെ വർണനയിൽ കാവ്യാത്മകതയുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ സ്വാഭാവികതയുണ്ട്. യാത്രാമാർഗങ്ങളെയും സ്ഥലങ്ങളെയുംകുറിച്ചുള്ള വിവരണങ്ങളിൽ വിവരാത്മകതയുമുണ്ട്. ഈ മൂന്നു ഘടകങ്ങളും പരസ്പരം ചേർന്നുനിൽക്കുന്നു. ഹിമാലയത്തെ പുരാതന ജീവിയോട് ഉപമിക്കുന്നതും ഏതോ ഗൂഢശക്തി മാടിവിളിക്കുന്നതായി സങ്കൽപ്പിക്കുന്നതും ആഖ്യാതാവിൻ്റെ ഭാവനാശേഷിയെ പ്രകടമാക്കുന്നു. ഇങ്ങനെ ലാളിത്യവും കാവ്യാത്മകതയും വിവരസാന്ദ്രതയും ഒത്തുചേരുന്ന ഭാഷാശൈലിയാണ് പാഠഭാഗത്തിൻ്റെ ആകർഷണീയത വർധിപ്പിക്കുന്നത്. ഋഷികേശിനെ ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടമായി ഇവിടെ അവതരിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യത്തിൻ്റെയും മതവിശ്വാസത്തിൻ്റെയും സന്യാസ ജീവിതത്തിൻ്റെയും സംഗമഭൂമിയാണ് ഋഷികേശ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും തീർത്ഥാടകരും ഇവിടെ എത്തുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ള മനുഷ്യർ ഒരേ ആത്മീയലക്ഷ്യത്തിൻ്റെ പേരിൽ ഒത്തുചേരുന്ന കാഴ്ച ഭാരതീയ സംസ്കാരത്തിൻ്റെ വൈവിധ്യത്തെയും ഐക്യത്തെയും ഓർമിപ്പിക്കുന്നു.
‘ഹൃഷികേശ്’ എന്ന അധ്യായം ഹിമാലയൻ യാത്രയുടെ തുടക്കത്തിൽ ലഭിക്കുന്ന അനുഭവങ്ങളെ പ്രകൃതിവർണനയുടെയും ആത്മീയചിന്തയുടെയും മനുഷ്യ ബന്ധങ്ങളുടെയും സഹായത്തോടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ യാത്രാവിവരണമാണ്. സഹജാനന്ദിനെപ്പോലുള്ള സന്യാസിമാരുടെ മനുഷ്യസ്നേഹം, ഗംഗയുടെ പവിത്രത, ഹിമാലയത്തിൻ്റെ നിഗൂഢമായ സൗന്ദര്യം, യാത്രയിലെ പ്രായോഗികപ്രശ്നങ്ങൾ, ലക്ഷ്യത്തോടുള്ള യാത്രികൻ്റെ അചഞ്ചലമായ നിശ്ചയം എന്നിവ ഈ ഭാഗത്തിന് വ്യത്യസ്തമായ തലങ്ങൾ നൽകുന്നു. യാത്ര എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം മാത്രമല്ലെന്നും അത് മനുഷ്യന് പുതിയ അറിവുകളും അനുഭവങ്ങളും ആത്മപരിശോധനയ്ക്കുള്ള അവസരങ്ങളും നൽകുന്ന പ്രക്രിയയാണെന്നും ഈ രചന വ്യക്തമാക്കുന്നു.
പിയാർകെ ചേനം




