Reviews & Critiques

ഹരിദ്വാറിലേക്കുള്ള യാത്ര

രാജൻ കാക്കനാടൻ

മലയാളത്തിലെ യാത്രാസാഹിത്യം കേവലം യാത്രാവഴികളുടെയും സ്ഥലങ്ങളുടെയും വിവരണത്തിൽ ഒതുങ്ങുന്നില്ല. യാത്രികൻ കണ്ടുമുട്ടുന്ന മനുഷ്യർ, അനുഭവിക്കുന്ന ജീവിതയാഥാർഥ്യങ്ങൾ, പ്രകൃതിയോടുള്ള ബന്ധം, ആത്മീയ മായ അന്വേഷണങ്ങൾ, സാമൂഹികജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്നിവകൂടി ചേർന്നാണ് മികച്ച യാത്രാവിവരണങ്ങൾ രൂപപ്പെടുന്നത്. ഈ സവിശേഷതകളെല്ലാം ഉൾക്കൊള്ളുന്നതാണ് ‘ഹരിദ്വാറിലേക്കുള്ള യാത്ര’ എന്ന ആദ്യ അധ്യായം.

രാജസ്ഥാനിലെ അബുപർവതത്തിൽനിന്ന് ആരംഭിക്കുന്ന ഹിമാലയൻ യാത്ര യുടെ പശ്ചാത്തലമാണ് ഈ അധ്യായത്തിൽ പരാമർശിക്കുന്നത്.  കൃഷ്ണശരൺ എന്ന സന്യാസിയുമായുള്ള പരിചയം, അദ്ദേഹത്തിൽനിന്ന് ഹിമാലയയാത്ര യുടെ മഹത്ത്വത്തെക്കുറിച്ച് ലഭിക്കുന്ന അറിവ്, ഡൽഹിയിൽനിന്ന് ഹരിദ്വാറിലേക്കുള്ള തീവണ്ടിയാത്രയിലെ അനുഭവങ്ങൾ, സഹയാത്രികരുടെ ജീവിതരീതികൾ, ഒടുവിൽ ഹരിദ്വാറിലെത്തിയപ്പോൾ ഹിമാലയം കാണാൻ കഴിയാതെ യാത്രികന് നേരിടേണ്ടിവരുന്ന ആശയക്കുഴപ്പം എന്നിവയാണ് ഈ ഭാഗത്തിലെ പ്രധാന സംഭവങ്ങൾ. യാത്രാവിവരണത്തിൻ്റെ സ്വാഭാവികതയും നർമ്മവും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങളും ആത്മീയമായ അന്വേഷണ ത്വരയും ഈ രചനയെ ശ്രദ്ധേയമാക്കുന്നു.

രാജസ്ഥാനിലെ അബുപർവതത്തിലുള്ള ഗണേശ് പോയിന്റും അവിടത്തെ ഗണപതിക്ഷേത്രവും ഗുഹയിൽ താമസിക്കുന്ന കൃഷ്ണശരണേയും വിവരിച്ചു കൊണ്ടാണ് ആഖ്യാനം ആരംഭിക്കുന്നത്. അബുവിലെ പാവങ്ങൾക്ക് ഭക്ഷണവും ചായയും നൽകുന്ന കൃഷ്ണശരണിന്റെ സേവനമനോഭാവം യാത്രികനെ ആകർഷിക്കുന്നു. ഗുരുവിനോടൊപ്പം കൈലാസത്തിലേക്കും ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും നടത്തിയ യാത്രകളെക്കുറിച്ച് അദ്ദേഹം പറയുന്ന അനുഭവങ്ങൾ ഹിമാലയത്തെക്കുറിച്ച് യാത്രികൻ്റെ മനസ്സിൽ വലിയ കൗതുകം ജനിപ്പിക്കുന്നു. ഹിമാലയത്തിൻ്റെ ആത്മീയമായ ആകർഷണം തിരിച്ചറിയുന്ന തോടെ യാത്രികൻ ഉത്തരാഖണ്ഡിലേക്ക് പോകാൻ തീരുമാനിക്കുന്നു. 1975 ജൂൺ ആദ്യവാരത്തിൽ ഡൽഹിയിലെത്തിയ അദ്ദേഹം മൂന്നാംദിവസം ഹരിദ്വാറിലേക്കുള്ള തീവണ്ടിയിൽ കയറുന്നു. തിരക്കുനിറഞ്ഞ തീവണ്ടിയിലെ യാത്രക്കാരുടെ പെരുമാറ്റവും മീററ്റിൽനിന്ന് കയറുന്ന ഗ്രാമീണരുടെ തിരക്കും ഒരു ഗ്രാമീണ പെൺകുട്ടിയുമായും അവളുടെ കൈയിലിരിക്കുന്ന കുട്ടിയുമായും ഉണ്ടാകുന്ന പരിചയവും യാത്രയെ രസകരമാക്കുന്നു. എന്നാൽ ഹരിദ്വാറിലെത്തിയപ്പോൾ ഹിമാലയം കാണാമെന്ന യാത്രികൻ്റെ പ്രതീക്ഷ അസ്ഥാനത്താകുന്നു. ഹിമാലയം എവിടെയെന്ന ചോദ്യത്തിന് അവിടെയില്ലെന്നും ഗംഗ മാത്രമേയുള്ളൂവെന്നും ഒരു ടോംഗോക്കാരൻ മറുപടി നൽകുന്നു. ഹിമാലയത്തിൻ്റെ സമീപത്തേക്കുള്ള യാത്രയ്ക്ക് ഋഷികേശിലെത്തേണ്ടതുണ്ടെന്ന യാഥാർഥ്യം യാത്രികൻ തിരിച്ചറിയുന്നു. ഇങ്ങനെ, ആത്മീയമായ പ്രേരണയിൽനിന്ന് യാത്രാനുഭവങ്ങളിലേക്കും അവിടെ നിന്ന് യാഥാർഥ്യബോധത്തിലേക്കും നീങ്ങുന്ന ആഖ്യാനമാണ് ഈ അധ്യായത്തിൻ്റെ പ്രധാന സവിശേഷത.

ആദ്യഭാഗത്ത് നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കൃഷ്ണശരൺ. അബു പർവതത്തിലെ ഗണേശ് പോയിന്റിനടുത്തുള്ള ഒരു ഗുഹയിൽ താമസിക്കുന്ന അദ്ദേഹം സനാതനധർമത്തിൽ അടിയുറച്ച വിശ്വാസമുള്ള സന്യാസിയാണ്.

വസിഷ്ഠമുനിയുടെ ശിഷ്യപരമ്പരയുമായി ബന്ധപ്പെടുത്തപ്പെടുന്ന ഗുരുപാരമ്പര്യ ത്തെക്കുറിച്ചുള്ള പരാമർശം അദ്ദേഹത്തിൻ്റെ ആത്മീയജീവിതത്തിന് പാരമ്പര്യത്തിൻ്റെ പശ്ചാത്തലം നൽകുന്നു. കൃഷ്ണനോടുള്ള ഭക്തിയും ഗുരുവിനോടുള്ള ആദരവും ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ ദീർഘമായ കാൽനടയാത്രകളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിലെ പ്രധാന ഘടകങ്ങളാണ്. എന്നാൽ കൃഷ്ണശരണിൻ്റെ മഹത്ത്വം ആത്മീയമായ വിശ്വാസത്തിൽ മാത്രം ഒതുങ്ങുന്നില്ല. അബുവിലെ പാവപ്പെട്ട ഗ്രാമീണർക്ക് അദ്ദേഹം ഭക്ഷണവും ചായയും നൽകുന്നു. അവരിൽനിന്ന് യാതൊന്നും സ്വീകരിക്കുന്നില്ല. സന്ദർശ കരിൽനിന്ന് ലഭിക്കുന്ന ചെറിയ തുകകൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നു. ഇതിലൂടെ അദ്ദേഹത്തിൻ്റെ സേവനമനോഭാവവും കാരുണ്യവും വ്യക്തമാകുന്നു. ആത്മീയത മനുഷ്യസ്നേഹത്തിലൂടെയും സാമൂഹികമായ ഉത്തരവാദിത്വത്തിലൂടെയും പ്രകടമാകേണ്ടതാണെന്ന ആശയമാണ് ഈ കഥാപാത്രത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. കൃഷ്ണശരൺ പാടുന്ന ഭക്തിഗാനങ്ങളും ദീർഘമായ സംഭാഷണങ്ങൾക്കുശേഷം ധ്യാനനിരതനാകുന്ന രംഗവും അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ആത്മീയമായ തീവ്രത വെളിപ്പെടുത്തുന്നു. യാത്രികൻ്റെ ഹിമാലയൻ യാത്രയ്ക്കുള്ള പ്രേരണയായി മാറുന്നതും കൃഷ്ണ ശരണിൻ്റെ അനുഭവങ്ങളും വാക്കുകളുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ആരംഭഭാഗത്തിലെ ഒരു കഥാപാത്രം മാത്രമല്ല; യാത്രികൻ്റെ അന്വേഷണങ്ങൾക്ക് ദിശാബോധം നൽകുന്ന വ്യക്തികൂടിയാണ്. ഈ ഭാഗത്തിൻ്റെ അടിസ്ഥാനപ്രേരണ ഹിമാലയത്തോടുള്ള യാത്രികൻ്റെ അഗാധമായ ആകർഷണമാണ്. ഹിമാലയത്തെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് തുടക്കത്തിൽ നേരിട്ടുള്ള അനുഭവത്തി ലൂടെയല്ല ലഭിക്കുന്നത്. കൃഷ്ണശരണിൻ്റെ വാക്കുകളിലൂടെയും കൈലാസയാത്രയുടെ വിവരണങ്ങളിലൂടെയും സുഹൃത്തിൻ്റെ അനുഭവസാക്ഷ്യത്തിലൂടെയുമാണ്. ഹിമാലയത്തിലെത്തിയാൽ ലഭിക്കുന്ന അനുഭൂതി മറ്റൊന്നിനും പകരംവയ്ക്കാൻ കഴിയില്ലെന്ന സുഹൃത്തിൻ്റെ വാക്കുകൾ യാത്രികൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഹിമാലയത്തിലേക്കുള്ള യാത്ര അദ്ദേഹത്തിന് ഒരു വിനോദയാത്ര മാത്രമാകാത്തത്. ഹിമാലയം നേരിൽ കാണുന്നതുവരെ അതിനെക്കുറിച്ചുള്ള വിവരണങ്ങൾ അതിശയോക്തിയായി തോന്നാമെന്ന ആഖ്യാതാവിൻ്റെ നിരീക്ഷണം മനുഷ്യൻ്റെ അനുഭവപരിമിതിയെ സൂചിപ്പിക്കുന്നു. ചില അനുഭവങ്ങൾ കേട്ടറിവിലൂടെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ലെന്നും അവ നേരിട്ട് അനുഭവിക്കുമ്പോഴാണ് അവയുടെ യഥാർഥമായ ആഴം ബോധ്യപ്പെടുന്നതെന്നും ഇതി ലൂടെ വ്യക്തമാകുന്നു. ഇവിടെ ഹിമാലയം ഒരു ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല. മനുഷ്യനെ തന്നിൽനിന്നുതന്നെ പുറത്തേക്കു നയിക്കുന്നതും അജ്ഞാതമായ ലോകങ്ങളിലേക്ക് ആകർഷിക്കുന്നതുമായ ആത്മീയശക്തിയുടെ പ്രതീകമാണ്.

പ്രകൃതിവർണനയാണ് പാഠഭാഗത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. അബുപർവതത്തിലെ ഗണേശ് പോയിൻ്റിൽ നിന്ന് കാണുന്ന വിശാലമായ ഭൂപ്രകൃതിയുടെ വിവരണത്തോടെയാണ് രചന ആരംഭിക്കുന്നത്. കിഴുക്കാംതൂക്കായ മലകൾക്കു താഴെ നാലായിരത്തോളം അടി താഴ്ചയിൽ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശം അനേകം മൈലുകൾക്കപ്പുറം ചക്രവാളത്തിൽ ലയിക്കുന്ന തായി ആഖ്യാതാവ് വിവരിക്കുന്നു. മരുഭൂമിയിൽനിന്നുയരുന്ന പൊടിപടലങ്ങൾക്കിടയിലൂടെ കാണുന്ന ദൂരക്കാഴ്ചയും അസ്തമയസൂര്യൻ മണൽത്തരികൾക്കിടയിൽ മറയുന്നതുപോലെയുള്ള ദൃശ്യവും വായനക്കാരൻ്റെ മനസ്സിൽ മനോഹരമായ ഒരു പ്രകൃതിചിത്രം വരച്ചിടുന്നു.

പ്രകൃതിയുടെ വിശാലതയും മനുഷ്യൻ്റെ പരിമിതിയും ഒരേസമയം അനുഭവിപ്പിക്കുന്നതാണ് ഈ വർണന. ഗണേശ് പോയിൻ്റ്  സന്ദർശകരെ ആകർഷിക്കുന്നതിൻ്റെ കാരണവും അതിൻ്റെ പ്രകൃതിസൗന്ദര്യത്തിലൂടെ വ്യക്തമാക്കുന്നു. അതേസമയം, പ്രകൃതിവർണന കേവലം സൗന്ദര്യാനുഭവത്തിൽ ഒതുങ്ങുന്നില്ല. അബുവിൻ്റെ മലനിരകളും മരുഭൂമിയും ഹിമാലയത്തെക്കുറിച്ചുള്ള ആഖ്യാതാവിൻ്റെ സങ്കൽപ്പലോകവും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കുന്നു. പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ അനുഭവിച്ചറിയാനുള്ള യാത്രികൻ്റെ താത്പര്യം ഇതിലൂടെ വെളിപ്പെടുന്നു.

ഈ അധ്യായത്തിലെ ഏറ്റവും സജീവവും നർമ്മപ്രധാനവുമായ ഭാഗമാണ് ഡൽഹിയിൽനിന്ന് ഹരിദ്വാറിലേക്കുള്ള തീവണ്ടിയാത്രയുടെ വിവരണം. തീവണ്ടിയിൽ നിറഞ്ഞുകവിഞ്ഞ യാത്രക്കാർ, ഇരിക്കാനും നിൽക്കാനും ഇടമില്ലാത്ത അവസ്ഥ, പരസ്പരം ഉന്തുകയും തള്ളുകയും ചെയ്യുന്ന ആളുകൾ, റെയിൽവേ ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള പരാതികൾ എന്നിവയെല്ലാം സാധാരണ ഇന്ത്യൻ റെയിൽയാത്രയുടെ ഒരു സാമൂഹികചിത്രം അവതരി പ്പിക്കുന്നു. യാത്രക്കാരുടെ തിരക്കിനെയും അസൗകര്യങ്ങളെയും വിവരിക്കുമ്പോൾ ആഖ്യാതാവ് അതിശയോക്തിപരമായ ആഖ്യാനരീതി സ്വീകരിക്കുന്നു. യാത്രക്കാരുടെ മുതുകിലും മടിയിലുംകൂടി പെട്ടികളും ഭാണ്ഡങ്ങളും പാത്രങ്ങളും കുട്ടികളും കംപാർട്ട്മെൻ്റി നുള്ളിലേക്ക് കടന്നുവരുന്ന രംഗം അതിൻ്റെ ഉദാഹരണമാണ്. മീററ്റിൽ തീവണ്ടി നിർത്തുമ്പോഴുണ്ടാകുന്ന തിരക്കിനെ ഒരു മഹായുദ്ധത്തോടുപമിക്കുന്നത് നർമ്മം സൃഷ്ടിക്കുന്നു. എന്നാൽ ഈ നർമ്മത്തിൻ്റെ പിന്നിൽ പൊതുഗതാഗതത്തിലെ തിരക്കും യാത്രക്കാരുടെ പ്രയാസങ്ങളും അടങ്ങിയിരിക്കുന്നു. യാത്രക്കാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ടെങ്കിലും തീവണ്ടിയുടെ വേഗതക്കുറവിനെയും റെയിൽവേ ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയെയുംകുറിച്ചുള്ള പൊതുവായ പരാതികൾ അവരെ ഒരു തരത്തിൽ ഒന്നിപ്പിക്കുന്നു. ഇത് മനുഷ്യരുടെ സാമൂഹികമായ പെരുമാറ്റത്തെക്കുറിച്ചുള്ള രസകരമായ നിരീക്ഷണമാണ്. സാധാരണക്കാരുടെ ദൈനംദിനജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഭാഗത്തിൻ്റെ സവിശേഷത.

മീററ്റിൽനിന്ന് തീവണ്ടിയിൽ കയറുന്ന ഗ്രാമീണ പെൺകുട്ടിയുമായുള്ള പരിചയം ഈ അധ്യായത്തിന് വൈകാരികമായ മറ്റൊരു തലം നൽകുന്നു. യാത്രക്കാരുടെ തിരക്കിനിടയിൽ ഇരിക്കാനോ നിൽക്കാനോ ഇടമില്ലാതെ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുന്ന ആഖ്യാതാവ് തൻ്റെ ഇരിപ്പിടത്തിൽ കുറച്ചുകൂടി ഒതുങ്ങിയിരുന്ന് അവൾക്ക് ഇരിക്കാൻ സൗകര്യമൊരുക്കുന്നു. ‘ബൈഠ് ജാ’ എന്ന ഹിന്ദിവാക്കിലൂടെ അവളെ ഇരിക്കാൻ ക്ഷണിക്കുന്ന രംഗം സ്വാഭാവികമാണ്. അവൾ ആ ക്ഷണം കാത്തുനിന്നതുപോലെ ഉടൻതന്നെ ഇരിപ്പിടത്തിൽ സ്ഥാനം പിടിക്കുന്നു. തീവണ്ടി മുന്നോട്ടുപോകുമ്പോൾ അവൾ ആഖ്യാതാവിൻ്റെ മാറത്തേക്ക് ചാരിയിരിക്കുന്നു. അവളുടെ കൈയിലുള്ള കുട്ടി ആഖ്യാതാവിൻ്റെ പത്രത്തിൽ പിടിക്കുകയും പിന്നീട് മുഖത്ത് കൈകൊണ്ട് തട്ടുകയും ചെയ്യുന്നു. പെൺകുട്ടി കുട്ടിയെ തടയുകയും ആഖ്യാതാവിനെ നോക്കി ചിരിക്കുകയും ചെയ്യുന്നു.

ഈ സംഭവങ്ങളെ ആഖ്യാതാവ് അസ്വസ്ഥതയോടെയല്ല, രസകരമായ അനുഭവമായാണ് അവതരിപ്പിക്കുന്നത്. പെൺകുട്ടിയുമായുള്ള ഈ ഹ്രസ്വമായ അടുപ്പം യാത്രയെ കൂടുതൽ സജീവമാക്കുന്നു. അവളുടെ കണ്ണുകൾ വർഷങ്ങൾക്കു മുമ്പ് മൈലുകൾക്കപ്പുറത്തുവെച്ച് ഉണ്ടായ അനുഭവങ്ങളെ ഓർമിപ്പിക്കുന്നുവെന്ന പരാമർശം ഈ പരിചയത്തിന് ഒരു നിഗൂഢതയും വൈകാരികതയും നൽകുന്നു. എന്നാൽ ആ പഴയ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്നില്ല. അതുകൊണ്ട് വായനക്കാരൻ്റെ ഭാവനയ്ക്ക് ഇടം ലഭിക്കുന്നു.

ഹരിദ്വാറിലെത്തിയപ്പോൾ ഹിമാലയം കാണാനുള്ള ഔത്സുക്യത്തിൽ ആഖ്യാതാവ് പെൺകുട്ടിയുമായുള്ള വേർപാടിൻ്റെ ദുഃഖം മറക്കുന്നു. മനുഷ്യബന്ധങ്ങൾ ചില നിമിഷങ്ങളിൽ മാത്രം നീണ്ടുനിൽക്കുമ്പോഴും അവ യാത്രാനുഭവങ്ങളുടെ ഭാഗമായിത്തീരുന്നുവെന്ന് ഈ രംഗം സൂചിപ്പിക്കുന്നു. ‘ഹരിദ്വാറിലേക്കുള്ള യാത്ര’ എന്ന അധ്യായത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകമാണ് നർമ്മം. യാത്രയിലെ അസൗകര്യങ്ങളെയും മനുഷ്യരുടെ പെരുമാറ്റങ്ങളെയും രസകരമായി അവതരിപ്പിക്കുന്നതിലൂടെ ആഖ്യാതാവ് വായനക്കാരിൽ ചിരിയും ചിന്തയും ഒരേസമയം ഉണർത്തുന്നു. തീവണ്ടിയിലെ തിരക്കിനെ മഹായുദ്ധത്തോടുപമിക്കുന്നതും യാത്രക്കാരുടെ പെട്ടികളും കുട്ടികളും മറ്റും കംപാർട്ട്മെൻ്റിനുള്ളിലേക്ക് ഉരുണ്ടുകയറുന്നുവെന്ന രീതിയിൽ വിവരിക്കുന്നതും നർമ്മത്തിൻ്റെ ഉദാഹരണങ്ങളാണ്. എന്നാൽ ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ നർമ്മരംഗം ഹരിദ്വാറിലെത്തിയ ശേഷമുള്ള സംഭവമാണ്. ഹിമാലയം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ സ്റ്റേഷനുപുറത്തേക്കിറങ്ങുന്ന ആഖ്യാതാവ് നാലുപാടും നോക്കിയിട്ടും ഹിമാലയം കാണുന്നില്ല. ഒടുവിൽ ഒരു ടോംഗോക്കാരനോട് ഹിമാലയം എവിടെയെന്ന് ചോദിക്കുന്നു. ഹിമാലയമൊന്നും അവിടെയില്ലെന്നും ഗംഗയുണ്ടെന്നും മറുപടി ലഭിക്കുന്നു. ഈ രംഗം യാത്രികൻ്റെ മുൻധാരണയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

യാത്രികൻ ഹിമാലയത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിൻ്റെ ഭൂമി ശാസ്ത്രപരമായ വ്യാപ്തിയെക്കുറിച്ചുള്ള അറിവ് അപൂർണമാണ്. അതുകൊണ്ട് ഹരിദ്വാറിൽനിന്നുതന്നെ ഹിമാലയം കാണാമെന്ന് അദ്ദേഹം കരുതുന്നു. ടോംഗോക്കാരൻ്റെ മറുപടി അദ്ദേഹത്തിൻ്റെ ധാരണ തിരുത്തുന്നു. ഇവിടെ നർമ്മം മറ്റൊരാളെ പരിഹസിക്കുന്നതിനുള്ള ഉപാധിയല്ല. സ്വന്തം തെറ്റിദ്ധാരണ തിരിച്ചറിയുന്ന യാത്രികൻ്റെ അനുഭവത്തിലൂടെ വായനക്കാരനെയും ചിന്തിപ്പിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. അതേസമയം, മനുഷ്യസ്നേഹം ഇവിടെ വലിയ ത്യാഗങ്ങളിലൂടെയല്ല പ്രകടമാകുന്നത്. ഭക്ഷണം പങ്കുവയ്ക്കുക, ചായ നൽകുക, ഇരിപ്പിടത്തിൽ സ്ഥലം നൽകുക തുടങ്ങിയ ചെറിയ പ്രവൃത്തികളിലൂടെയാണ് അത് സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്നത്.

‘ഞാൻ’ എന്ന അനുഭവകേന്ദ്രത്തിലൂടെയാണ് സംഭവങ്ങൾ വിവരിക്കുന്നത്. അതിനാൽ യാത്രികൻ്റെ ചിന്തകളും പ്രതീക്ഷകളും തെറ്റിദ്ധാരണകളും വികാരങ്ങളും വായനക്കാരന് നേരിട്ട് അനുഭവപ്പെടുന്നു. കൃഷ്ണശരണിൻ്റെ സംഭാഷണങ്ങളും ടോംഗോക്കാരനുമായുള്ള ആശയവിനിമയവും ആഖ്യാനത്തെ സ്വാഭാവികമാക്കുന്നു. സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവവും സ്ഥലത്തിൻ്റെ സാമൂഹികാന്തരീക്ഷവും വ്യക്തമാകുന്നു.

‘ബൈഠ് ജാ’ പോലുള്ള ഹിന്ദിപ്രയോഗങ്ങളും ‘കാശി വിശ്വനാഥ് ഗംഗേ’ എന്ന ഭക്തിഗാനത്തിൻ്റെ ഈരടികളും വിവരണത്തിന് പ്രാദേശികമായ അന്തരീക്ഷം നൽകുന്നു. ഉത്തരേന്ത്യൻ ജീവിതപരിസരവുമായി വായനക്കാരനെ ബന്ധിപ്പിക്കുന്നതിൽ ഇവയ്ക്ക് പങ്കുണ്ട്.

‘ഹരിദ്വാരിലേക്കുള്ള യാത്ര’ എന്ന ശീർഷകം പാഠഭാഗത്തിന് തികച്ചും അനുയോജ്യമാണ്. അബുപർവതത്തിൽവെച്ച് ഹിമാലയത്തിലേക്കുള്ള യാത്രയ്ക്ക് തീരുമാനമെടുക്കുന്നതുമുതൽ ഹരിദ്വാറിലെത്തുന്നതുവരെയുള്ള അനുഭവങ്ങളാണ് ഇതിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനത്തെ സൂചിപ്പിക്കുന്നതോടൊപ്പം യാത്രികൻ്റെ മനസ്സിലെ പ്രതീക്ഷകളെയും സൂചിപ്പിക്കുന്നു. ഹിമാലയം നേരിൽ കാണാനുള്ള ആഗ്രഹമാണ് യാത്രയ്ക്ക് പ്രേരണയാകുന്നത്. എന്നാൽ ഹരിദ്വാറിലെത്തിയപ്പോൾ ഹിമാലയം കാണാൻ കഴിയുന്നില്ല. ഈ അനുഭവം യാത്രികൻ്റെ അറിവിൽ ഒരു പുതിയ അധ്യായം തുറക്കുന്നു. അതിനാൽ ശീർഷകം ഒരു സ്ഥലത്തേക്കുള്ള സഞ്ചാരത്തെ മാത്രമല്ല, പ്രതീക്ഷയിൽനിന്ന് അനുഭവത്തിലേക്കും ധാരണയിൽനിന്ന് അറിവിലേക്കുമുള്ള യാത്രയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

യാത്രാവിവരണം എന്ന സാഹിത്യരൂപം പ്രകൃതിയുടെയും സ്ഥലങ്ങളുടെയും വിവരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും മനുഷ്യജീവിതത്തിൻ്റെ വൈവിധ്യങ്ങളെയും യാത്രികൻ്റെ മനോവ്യാപാരങ്ങളെയും ആവിഷ്കരിക്കുമെന്നും ഈ രചന തെളിയിക്കുന്നു. ചുരുക്കത്തിൽ, ‘ഹരിദ്വാറിലേക്കുള്ള യാത്ര’ പുറംലോകത്തെ അറിയാനുള്ള യാത്രയ്ക്കൊപ്പം സ്വന്തം അറിവിൻ്റെ പരിമിതികൾ തിരിച്ചറിയുന്ന മനുഷ്യൻ്റെ അനുഭവയാത്രകൂടിയാണ്. നർമ്മത്തിൽ പൊതിഞ്ഞ വിവരണങ്ങളും ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആഖ്യാനശൈലിയും ചേർന്ന് ഈ പാഠഭാഗത്തെ ആസ്വാദ്യകരവും ചിന്തോദ്ദീപകവുമാക്കുന്നു.

 

പിയാർകെ ചേനം

Related Articles

Back to top button