Travel & Views

വാനപ്രസ്ഥം

(വിധിച്ച അന്നങ്ങൾ തേടി കെ വി ദയാൽ സാറിനോടൊപ്പം ഒരു യാത്ര)

ജൂൺ 12 ന് പുലർച്ചെ നാലുമണിയ്ക്ക് തൃശൂർ പാറമേക്കാവ് ക്ഷേത്രപരിസര ത്തുനിന്നും വാഹനം പുറപ്പെട്ടു. യാത്രികർ പലയിടങ്ങളിൽ നിന്നായി വണ്ടിയിൽ കയറിക്കൊണ്ടിരുന്നു. തലയോലപ്പറമ്പിൽനിന്നായിരുന്നു അവസാനടീം കയറിയത്. പിന്നീട് കടുന്തുരുത്തി തളിയിൽ ശ്രീ മഹാദേവക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിൽ വണ്ടി നിർത്തി കുരീക്കൽ ഹോട്ടൽ ആൻ്റ്  ബേക്കറിയിൽ കയറി രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അവിടെ നിന്നും ഏറ്റുമാനൂർ, പാല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ, പെരിയാർ വഴി പന്ത്രണ്ടരയോടെ കുമിളിയിലെത്തി. അവിടെ കെ വി ദയാൽ സാറിനൊപ്പം  മറ്റൊരു ബസ്സിൽ ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും വന്നിരുന്നവർ ഞങ്ങളെ കാത്തു നിന്നിരുന്നു. ഉച്ചഭക്ഷണം കുമിളിയിലെ ഹോട്ടൽ തേക്കടി കഫേയിൽ കയറി എല്ലാവരും കഴിച്ചതിനുശേഷം അവിടെ നിന്നും ഒന്നരയോടെ തേക്കടിയിലെത്തി. കെ ടി ഡി സി യുടെ പെരിയാർ ഹൌസിൽ എല്ലാവർക്കും റൂമുകൾ ബുക്ക് ചെയ്തിരുന്നു. എല്ലാവരും റൂമുകളിൽ കയറി ഫ്രഷ് ആയി 2.30 ന് പുറത്ത് ഒത്തുകൂടി. മൂന്നുമണിയോടെ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് യാത്രയായി. അവിടെ ഞങ്ങൾക്കായി ഫോറസ്റ്റ് ഓഫീസർമാർ ക്ലാസ്സുകൾ സജ്ജീകരിച്ചിരുന്നു. തേക്കടി പെരിയാർ ടൈഗർ റിസർവ് സന്ദർശിക്കുന്ന പ്രകൃതിസ്നേഹികൾക്കും  സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കുമായി വനം വകുപ്പ്  നൽകുന്ന അവബോധന ക്ലാസ്സുകൾ അവിടെ സ്ഥിരമായി നടക്കുന്ന ഒന്നാണ്.

തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ വെറുമൊരു കാഴ്ചക്കാർ മാത്രമായി മടങ്ങാതെ, കാടിനെയും വന്യജീവികളെയും ആഴത്തിൽ മനസ്സിലാക്കാൻ വനം വകുപ്പ് ഒരുക്കുന്ന മികച്ചൊരു സംരംഭമാണ് ഫോറസ്റ്റ് ഓഫീസിലെ ഇൻഫർ മേഷൻ സെൻ്ററിലും ഓഡിറ്റോറിയത്തിലും വെച്ച് നടത്തുന്ന ക്ലാസ്സുകൾ. ട്രെക്കിംഗിനും മറ്റ് വനയാത്രകൾക്കും പോകുന്നതിന് മുൻപാണ് സാധാരണയായി ഈ ക്ലാസ്സുകൾ നൽകുന്നത്. കാടിൻ്റെ നിയമങ്ങളും വന്യജീവികളുടെ ലോകവും അടുത്തറിയാൻ സഹായിക്കുന്ന ഒന്നാണിത്.

പെരിയാർ ടൈഗർ റിസർവിൻ്റെ ഓഫീസിനോട് ചേർന്നുള്ള ഹാളിൽ ഡിജിറ്റൽ പ്രൊജക്ടറുകളുടെയും വലിയ മാപ്പുകളുടെയും സഹായത്തോടെയാണ് ക്ലാസ്സ് ആരംഭിക്കുന്നത്. വനംവകുപ്പിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരോ ഫോറസ്റ്റ് ഗൈഡുകളോ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. കാടിൻ്റെ വന്യതയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളും ശബ്ദരേഖകളും നിറഞ്ഞ ആ ഹാളിൽ ഇരിക്കുമ്പോൾ തന്നെ നമ്മൾ കാടിൻ്റെ ഭാഗമായി മാറുന്നതുപോലെ തോന്നും.

പെരിയാർ ടൈഗർ റിസർവ് എങ്ങനെ രൂപപ്പെട്ടു, ഇതിൻ്റെ വിസ്തൃതി എത്രയാണ്, ഇവിടുത്തെ ജൈവ വൈവിധ്യം എത്രത്തോളം സമ്പന്നമാണ് തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നു.

കടുവ, ആന, വരയാട്, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ജീവിതരീതികളെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സിൽ പറഞ്ഞുതന്നു. മൃഗങ്ങളുടെ കാൽപ്പാടുകൾ  എങ്ങനെ തിരിച്ചറിയാമെന്ന് ഗൈഡ് വിശദീകരിക്കുന്നത് വളരെ കൗതുകകരമായ ഒരു അനുഭവമാണ്.

കാട്ടിനുള്ളിൽ നടക്കുമ്പോൾ പാലിക്കേണ്ട കർശനമായ നിയമങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാനായി. ഉച്ചത്തിൽ സംസാരിക്കാതിരിക്കുക, മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക, വനത്തിൻ്റെ നിറങ്ങളോട് ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ ഇതിൽ പെടുന്നു. കാട്ടിലേക്ക് പ്ലാസ്റ്റിക് കൊണ്ടു പോകുന്നത് എങ്ങനെ വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാകുന്നു എന്ന് അവർ ദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നു.

ക്ലാസ്സിൻ്റെ ഏറ്റവും ആകർഷകമായ ഭാഗം പെരിയാർ വനത്തെക്കുറിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രമാണ്. കാടിൻ്റെ ആരും കാണാത്ത ഉൾഭാഗങ്ങളും, കടുവകളുടെയും മറ്റ് അപൂർവ്വ ജീവികളുടെയും ദൃശ്യങ്ങളും അവയുടെ ഇരപിടിക്കൽ രീതികളും ഡോക്യുമെൻ്ററിയിലൂടെ  കാണിച്ചുതന്നു. കടുവയുടെ  ഇര പിടിക്കലിൻ്റെ ദൃശ്യം, കണ്ടിരിക്കാൻ പ്രയാസമുണ്ടാക്കുന്നതായിരുന്നു. ഒരു കാട്ടുപോത്തിൻ്റെ അതിദാരുണമായ അന്ത്യം ആ ചിത്രത്തിൽ വളരെ ബുദ്ധി മുട്ടുണ്ടാക്കി. കാടിൻ്റെ സ്വാഭാവിക ശബ്ദങ്ങളോടെയുള്ള ഈ പ്രദർശനം മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു.

ക്ലാസ്സിന് ശേഷം സഞ്ചാരികൾക്ക് കാടിനെക്കുറിച്ചുള്ള തങ്ങളുടെ സംശയങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടായിരുന്നു. ഫോറസ്റ്റ് ഇദ്യോഗസ്ഥരുടെ വളരെ സ്നേഹത്തോടെയും ആധികാരികതയോടെയുമുള്ള മറുപടികൾ വളരെ ഉചിതമായിരുന്നു. വെറുമൊരു വിനോദയാത്ര എന്നതിനപ്പുറം പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന ഒന്നാണ് തേക്കടി ഫോറസ്റ്റ് ഓഫീസിലെ ഈ ക്ലാസ്സ്. കാടിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങുന്നതിന് മുൻപ് നമ്മുടെ മനസ്സിനെ അതിനായി പാകപ്പെടുത്താൻ ഈ ക്ലാസ്സ് ഏറെ സഹായിക്കുന്നുണ്ട്.

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് തേക്കടി. പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും അനുഗ്രഹീതമായ തേക്കടി, വനഭംഗിയും വന്യമൃഗങ്ങളെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

തേക്കടിയുടെ പ്രധാന ആകർഷണം പെരിയാർ ടൈഗർ റിസർവ് ആണ്. ഏകദേശം 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖല കടുവകൾ, ആനകൾ, കാട്ടുപോത്തുകൾ, സാംബർ മാനുകൾ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ നിരവധി വന്യജീവികളുടെയും അപൂർവ്വ സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ്.

തേക്കടിയിലെ ഏറ്റവും ജനപ്രിയമായ വിനോദം പെരിയാർ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചപ്പോൾ രൂപംകൊണ്ട ഈ കൃത്രിമ തടാകത്തിലൂടെ യാത്ര ചെയ്യുമ്പോൾ, തടാകക്കരയിൽ വെള്ളം കുടിക്കാനും മേയാനുമെത്തുന്ന ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും മറ്റ് വന്യമൃഗങ്ങളെയും വളരെ അടുത്തുനിന്ന് കാണാൻ സാധിക്കും. വെള്ളത്തിൽ പകുതി മുങ്ങിനിൽക്കുന്ന വന്മരങ്ങളുടെ ശേഷിപ്പുകൾ ഈ തടാകത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു.

വെറുമൊരു കാഴ്ചാനുഭവത്തിനപ്പുറം സഞ്ചാരികൾക്കായി നിരവധി ഇക്കോ-ടൂറിസം പദ്ധതികൾ വനംവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്: ട്രെക്കിംഗ് ഗൈഡുകളുടെ സഹായത്തോടെ കാട്ടിലൂടെയുള്ള നടത്തം. ടൈഗർ ട്രെയിൽ കാട്ടിനുള്ളിൽ ക്യാമ്പ് ചെയ്തുകൊണ്ടുള്ള സാഹസിക ട്രെക്കിംഗ്. ബാംബൂ റാഫ്റ്റിംഗ് മുളത്തോണിയിലുള്ള യാത്രയും വനയാത്രയും. ആന സവാരി ആനപ്പുറത്തുള്ള യാത്രയും ആനയെ കുളിപ്പിക്കുന്നതു കാണാനുള്ള അവസരവും.

തേക്കടിയും അതിൻ്റെ പരിസരപ്രദേശമായ കുമിളിയും സുഗന്ധവ്യഞ്ജന തോട്ടങ്ങളാൽ സമ്പന്നമാണ്. കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയവ വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ സന്ദർശിക്കാനും മികച്ച നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങൾ നേരിട്ട് വാങ്ങാനും സഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട്.

ചുരുക്കത്തിൽ, തണുത്ത കാറ്റും, പച്ചപ്പുതച്ച മലനിരകളും, വന്യജീവികളുടെ സാന്നിധ്യവും തേക്കടിയെ കേരളത്തിലെ ടൂറിസത്തിൻ്റെ നെടുംതൂണു കളിലൊന്നാക്കി മാറ്റുന്നു. നഗരജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ അല്പം സമയം ചിലവഴിക്കാൻ പറ്റിയ ഉത്തമമായ സ്ഥലമാണിത്.

അഞ്ചരയോടെ ഫോറസ്റ്റ് ഓഫീസിൽനിന്നും ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് പെരിയാർ ഹൌസിലേയ്ക്ക് യാത്രയായി. റൂമിലെത്തി കുളിച്ച് അല്പനേരം വിശ്രമിച്ചു.  ഏഴുമണിയോടെ പെരിയാർ ഹൌസിലെ റസ്റ്റോറൻ്റിൽ പോയി നല്ല ചൂടുള്ള കഞ്ഞിയും ചെറുപയർ പുഴുക്കും ചമ്മന്തിയും കൂട്ടി നല്ല കിടിലൻ കഞ്ഞി കഴിച്ചു. അന്നത്തെ യാത്രകളുടെ എല്ലാ ക്ഷീണവും അതോടെ ഇല്ലാതായി.

ശേഷം എല്ലാവരും ദയാൽ സാറിൻ്റെ നേതൃത്വത്തിൽ  ഒത്തു ചേർന്നു. ഓരോരുത്തരും പരസ്പരം പരിചയപ്പെട്ടു. അതിനുശേഷം അദ്ദേഹം വിധിച്ച അന്നത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കേരളത്തിലെ പ്രകൃതിജീവന പ്രസ്ഥാനത്തിൻ്റേയും ജൈവകൃഷിയുടെയും മുൻനിര നായകരിൽ ഒരാളായ കെ. വി. ദയാൽ സാറിൻ്റെ ഇക്കോളജി  കാഴ്ചപ്പാടുകൾ തികച്ചും പ്രായോഗികവും മനുഷ്യൻ്റെ ജീവനരീതിയോട് ആഴത്തിൽ ബന്ധിക്കപ്പെട്ടതുമാണ്. അദ്ദേഹത്തിൻ്റെ ദർശനപ്രകാരം ഇക്കോളജി എന്നത് പുസ്തകങ്ങളിൽ വായിച്ചു പഠിക്കേണ്ട ഒരു ശാസ്ത്രമല്ല, മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളോടും ഇണങ്ങി ജീവിക്കേണ്ട ഒരു കലയാണ്. ദയാൽ സാറിൻ്റെ ഇക്കോളജിയെക്കുറിച്ചുള്ള പ്രധാന കാഴ്ചപ്പാടുകൾ താഴെ പറയുന്ന വിഭാഗ ങ്ങളായി ചുരുക്കി വിവരിക്കാം:

മനുഷ്യൻ പ്രകൃതിയുടെ യജമാനനല്ല, മറിച്ച് പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങളിൽ ഒന്നുമാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യ കേന്ദ്രീകൃതമായ വികസന സങ്കല്പങ്ങൾക്ക് പകരം എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമുള്ള ഒരു ‘ഇക്കോ-സിസ്റ്റം’ നിലനിൽക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് മനുഷ്യന് മാത്രമായി ഇവിടെ നിലനിൽപ്പില്ല.

അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി സിദ്ധാന്തങ്ങളിലൊന്ന് ഭക്ഷണവും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്. പ്രകൃതി ഓരോ ജീവിക്കും ഒരു നിശ്ചിത ആഹാരക്രമം നിശ്ചയിച്ചിട്ടുണ്ട് അതിനെ അദ്ദേഹം വിധിച്ച അന്നം വിളിക്കുന്നു.

മനുഷ്യൻ പ്രകൃതി ഒരുക്കിയ ഭക്ഷണപദാർത്ഥങ്ങൾ നേരിട്ട് കഴിക്കേണ്ടവനാണ് തൻ്റെ സ്വാഭാവിക ഘടനയ്ക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും അത്തരത്തിൽ പ്രകൃതിയിൽ ലഭ്യമാണ്. അവ കണ്ടെത്തി വേവിക്കാതെയും മറ്റു രുചിക്കൂട്ടുകളില്ലാതെയും നേരിട്ട് ആവശ്യത്തിനുമാത്രം കഴിക്കുന്ന രീതിയാണ് ഉത്തമം. അങ്ങനെ ഒരു ഭക്ഷണക്രമത്തിനേയ്ക്ക് മനുഷ്യൻ വരുമ്പോൾ രോഗങ്ങൾക്കൊന്നും അടിമപ്പെടാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവനായിത്തീരുന്നു. ഈ ഇക്കോളജിക്കൽ നിയമം തെറ്റിക്കുമ്പോഴാണ് മനുഷ്യന് രോഗങ്ങളും പ്രകൃതിക്ക് നാശവും ഉണ്ടാകുന്നത്. പ്രകൃതി എന്നത് മനുഷ്യന്റെ തോന്ന്യാസങ്ങൾക്ക് വേണ്ടിയുള്ളതല്ല. എല്ലാ ജീവജാലങ്ങൾക്കും അവയുടേതായ സ്ഥാനം അംഗീകരിച്ചുകൊടുക്കണം.

മണ്ണ് എന്നത് കേവലം കൃഷി ചെയ്യാനുള്ള ഒരു മാധ്യമമല്ല, മറിച്ച് ജീവനുള്ള ഒരു പ്രതിഭാസമാണെന്ന് ദയാൽ സാർ ഓർമ്മിപ്പിക്കുന്നു. അത് സൂര്യനിൽ നിന്നും ഊർജ്ജത്തെ തന്നിലെ സസ്യജാലങ്ങളിലൂടെ സ്വീകരിച്ച്  സ്ംസ്കരിച്ച് ഉപയോഗയോഗ്യമാക്കി കരുതിവെക്കാനുള്ള ഇടം കൂടിയാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് മണ്ണിന്റെ ഇക്കോളജിയെ തകർക്കു മെന്നും, മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നും മണ്ണ് നഗ്നമാക്കപ്പെടു മെന്നും അതുവഴി പ്രകൃതിയുടെ താളം തെറ്റുമെന്നും അത് എല്ലാ ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തീർക്കുമെന്നും  അദ്ദേഹം വ്യക്ത മാക്കുന്നു. പ്രകൃതിയോട് ഇണങ്ങിനിന്നുള്ള സ്വാഭാവിക ജൈവകൃഷിയിലൂടെ മാത്രമേ ഭൂമിയെയും മനുഷ്യന്റെ ആരോഗ്യത്തെയും വീണ്ടെടുക്കാൻ കഴിയൂ. ഒരു തുണ്ടു ഭൂമിപോലും തുറസ്സായി കിടക്കുന്നതിനും കൃത്രിമമായ നശീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടരുതെന്നും അദ്ദേഹം നിഷ്കർഷിക്കുന്നു. അത് പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ കാണിച്ചുതരുന്നതാണ് കൂടുതൽ പ്രയോജനകരമെന്ന അറിവാണ് തേക്കടിയിലേക്ക് തന്റെ അനുയായികളെ എല്ലാ വർഷവും അദ്ദേഹം കൂട്ടികൊണ്ടു വരുന്നത്. ഉൾക്കാടുകളുടെ ഇക്കോ സിസ്റ്റം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് അനേക തവണ ക്ലാസ്സുകളിൽ പറഞ്ഞീട്ടും മനസ്സിലാകാത്ത വസ്തുതകൾ ഒരൊറ്റ അനുഭവത്തിലൂടെ കാണിച്ചുകൊടുതക്കലാണ് ഈ യാത്രയുടെ പ്രധാന ദൌത്യങ്ങളിലൊന്ന്.

മനുഷ്യശരീരവും പ്രകൃതിയുടെ ഒരു ചെറുപതിപ്പാണെന്നാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, അഗ്നി (സൂര്യപ്രകാശം), വായു, ആകാശം എന്നിവയാൽ നിർമ്മിതമാണ് ശരീരം. അതിനാൽ ശരീരത്തിലു ണ്ടാകുന്ന രോഗങ്ങൾക്ക് മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിയുടെ ഈ ഘടകങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടത്. ഇത് ശരീരത്തിൻ്റെ ആന്തരിക ഇക്കോളജി നിലനിർത്താൻ സഹായിക്കുന്നു.

ആധുനിക മനുഷ്യൻ്റെ അമിതമായ ആർത്തിയും ആഡംബര മോഹങ്ങളുമാണ് ഇന്നത്തെ പരിസ്ഥിതി തകർച്ചയ്ക്കും രോഗാതുരതയ്ക്കും കാരണം. പ്രകൃതിയിൽ നിന്ന് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുകയും തിരിച്ച് പ്രകൃതിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തുകയുമാണ് സമഗ്രമായ ഒരു ഇക്കോളജിക്കൽ സംസ്കാരം ശീലമാക്കുന്നതിന് മനുഷ്യൻ ചെയ്യേണ്ടതെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിക്കുന്നു.

കെ. വി. ദയാൽ സാറിൻ്റെ ഇക്കോളജി എന്നത് “പ്രകൃതി നിയമങ്ങൾക്ക് അനുസൃതമായി ജീവിക്കുക” എന്നതാണ്. പ്രകൃതിയെ നശിപ്പിക്കാതെ, അത് നൽകുന്ന സ്വാഭാവികഭക്ഷണം യാതൊരു പരിഷ്കാരങ്ങളും വരുത്താതെ  നേരിട്ട് ഭക്ഷിച്ച് അതിൻ്റെ പ്രകൃതിയുടെ താളത്തിനൊപ്പം ജീവിക്കുമ്പോൾ മാത്രമേ മനുഷ്യന് യഥാർത്ഥ ആരോഗ്യവും സമാധാനവും കൈവരിക്കാനാകൂ എന്ന ലളിതവും എന്നാൽ ശക്തവുമായ സന്ദേശമാണ് അദ്ദേഹം നൽകുന്നത്.

കേരളത്തിലെ പ്രശസ്ത പ്രകൃതിജീവനവക്താവും പരിസ്ഥിതി പ്രവർത്തകനു മായ കെ. വി. ദയാൽ സാർ മുന്നോട്ടുവെക്കുന്ന വളരെ ചിന്തനീയമായ ഒരു ദർശനമാണ് “വിധിച്ച അന്നം” എന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും, ആരോഗ്യം നിലനിർത്താൻ മനുഷ്യൻ എങ്ങനെ ആഹാരം കഴിക്കണമെന്നും വ്യക്തമാക്കുന്ന ഒരു ഇക്കോളജിക്കൽ കാഴ്ച പ്പാടാണിത്.

ഓരോ ജീവിക്കും ഈ ഭൂമിയിൽ പ്രകൃതി നിശ്ചയിച്ചു നൽകിയിട്ടുള്ള ആഹാര ക്രമമുണ്ട് എന്ന തത്ത്വത്തിലാണ് ഈ ആശയം നിലകൊള്ളുന്നത്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്: ലളിതമായി പറഞ്ഞാൽ, “ഒരു ജീവിയുടെ ശരീരഘടനയ്ക്കും പ്രകൃതിക്കും അനുയോജ്യമായി ഏത് അന്നമാണോ (ഭക്ഷണം) നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, അതാണ് ആ ജീവിയുടെ വിധിച്ച അന്നം.”

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രകൃതി തങ്ങൾക്ക് വിധിച്ച അന്നം മാത്രമേ കഴിക്കാറുള്ളൂ. ഉദാഹരണത്തിന്, പശു പുല്ലും സിംഹം മാംസവും കഴിക്കുന്നു. അവ ഒരിക്കലും തങ്ങളുടെ പ്രകൃതത്തിന് വിരുദ്ധമായ ഭക്ഷണം തേടി പോകാ റില്ല. എന്നാൽ ഈ പ്രകൃതിനിയമം ലംഘിക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. മനുഷ്യനുവേണ്ടി പ്രകൃതി വിധിച്ച അന്നം ഏതാണെന്ന് മനസ്സി ലാക്കാൻ ദയാൽ സാർ ചില പ്രധാന മാനദണ്ഡങ്ങൾ മുന്നോട്ടുവെക്കുന്നു:

മനുഷ്യൻ്റെ പല്ലുകളുടെ ഘടന, ദഹനരസങ്ങൾ, നീളമേറിയ കുടൽമാല എന്നിവ സസ്യഭുക്കുകളായ ജീവികളോടാണ് സാദൃശ്യം പുലർത്തുന്നത്. അതിനാൽ പ്രകൃതി കനിഞ്ഞുനൽകുന്ന സസ്യജന്യമായ ഭക്ഷണങ്ങളാണ് മനുഷ്യന് വിധിക്കപ്പെട്ടിട്ടുള്ളത്.

അടുപ്പിൽ വെച്ച് വേവിക്കാതെയും, ഉപ്പും മുളകും മറ്റ് മസാലകളും ചേർക്കാതെയും പ്രകൃതിയിൽ നിന്ന് നേരിട്ട് കഴിച്ച് ആസ്വദിക്കാൻ പറ്റുന്നവയാണ് നമ്മുടെ യഥാർത്ഥ അന്നം അതുതന്നെയാണ് നമുക്ക് വിധിച്ച അന്നവും. നാല്പത് ശതമാനം കാബോഹൈഡ്രേറ്റും മുപ്പതു ശതമാനം കൊഴുപ്പും പത്തു ശതമാനം പ്രോട്ടീനുകളുമാണ് നമ്മുടെ ഭക്ഷണത്തിൽ ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം തന്റെ സമൂഹത്തോട് വിളിച്ചു പറയുന്നുണ്ട്. പ്രകൃതി ഒരുക്കിയിട്ടുള്ള നമുക്ക് നേരിട്ട് കഴിക്കാവുന്ന കാർബോഹൈഡ്രേറ്റ് അല്ല അരിയും ഗോതമ്പും അതുപോലുള്ള മറ്റ് ധാന്യങ്ങളും. ജീവിതശൈലീരോഗ ങ്ങൾക്ക് ഒരു പ്രധാന കാരണംതന്നെ അരിയും ഗോതമ്പും സ്ഥിരമായി കഴിക്കുന്ന നമ്മുടെ ശീലങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. നമുക്ക് കഴിക്കാവുന്ന പ്രകൃതി ഒരുക്കി വെച്ചിട്ടുള്ള കാർബോഹൈഡ്രേറ്റ് വിഭവങ്ങൾ പ്രധാനമായും വാഴപ്പഴം, മാമ്പഴം, ചക്ക, പപ്പായ, സപ്പോട്ട, മുന്തിരി, ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, ഈന്തപ്പഴം, തേങ്ങ, തേൻ, കരിമ്പ് എന്നിവയാണ്. മുപ്പതുശതമാനം വരുന്ന കൊഴുപ്പിൻ്റെ ആവശ്യം പരിഹരിക്കുന്നതിന് തേങ്ങ, അവക്കാഡോ, ബദാം, വാൾനട്ട്, കശുവണ്ടി, പിസ്ത, ഒലീവ്, നിലക്കടല എന്നിങ്ങനെ നിരവധി ഉല്പന്നങ്ങൾ നമ്മൾക്ക് ലഭ്യമാണ്. പത്തു ശതമാനം വരുന്ന പ്രോട്ടീൻ ആവശ്യം പരിഹരിക്കുന്നതിന് ബദാം, വാൾനട്ട്, കശുവണ്ടി, പിസ്ത, മത്തങ്ങക്കുരു, സൂര്യകാന്തി വിത്ത്, എള്ള്, തേങ്ങ എന്നിവയിൽ ലഭ്യമായത് കഴിച്ചാൽ മതിയാവും. ഇതെല്ലാം പരിമിതമായ  അളവിൽ മാത്രമേ ഒരാൾക്ക് ആവശ്യമുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ജീവനുള്ള കോശങ്ങളുള്ള ഭക്ഷണമാണ് ശരീരത്തിന് ഊർജ്ജം നൽകേണ്ടത്. തീയിൽ വേവിച്ച് അതിനെ വിഷമാക്കാതെ, പ്രകൃതി പാകം ചെയ്ത് തരുന്ന (സൂര്യപ്രകാശമേറ്റ് പാകമാകുന്ന) ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവനാകുന്നത്. അത്തരത്തിൽ ജീവിക്കുന്ന ഒരാൾക്ക് രോഗങ്ങളെ ഭയക്കാതെ ആരോഗ്യത്തോടെ ജീവിക്കാനാകും എന്ന തത്വമാണ് ദയാൽ സാർ തന്റെ വാനപ്രസ്ഥം എന്ന ആശയത്തിലൂടെ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം മനുഷ്യൻ കണ്ണുതുറന്നു കാണുമെന്ന ശുഭപ്രതീക്ഷയിലാണ് ആ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്.

മനുഷ്യൻ പ്രകൃതി തനിക്ക് വിധിച്ച അന്നത്തിൽ നിന്ന് മാറി ‘കൊതിച്ച അന്നം’ (രുചിക്ക് പുറകെ പോയുള്ള കൃത്രിമ ഭക്ഷണങ്ങൾ, അമിതമായി വേവിച്ച ഇറച്ചി, ഫാസ്റ്റ് ഫുഡ് എന്നിവ) കഴിക്കാൻ തുടങ്ങിയതു മുതലാണ് ജീവിതശൈലീ രോഗങ്ങൾ മനുഷ്യനെ പിടികൂടിയത് എന്ന് ദയാൽ സാർ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ആരോഗ്യം വീണ്ടെടുക്കാനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാനും പ്രകൃതി നമുക്കായി നിശ്ചയിച്ചിട്ടുള്ള ആ ‘വിധിച്ച അന്നത്തിലേക്ക്’ മടങ്ങുക മാത്രമാണ് ഏക വഴി എന്നാണ് ഈ കാഴ്ചപ്പാട് നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതി നമ്മളിലേക്ക് എത്തിക്കുന്ന ജീവൻ്റെ അഞ്ച് അടിസ്ഥാന ഘടകങ്ങളെയാണ് അദ്ദേഹം ‘അന്നം’ എന്ന് വിളിക്കുന്നത്.

മനുഷ്യൻ കഴിക്കുന്ന ചോറോ ചപ്പാത്തിയോ മാത്രമല്ല അന്നം; മറിച്ച് ഈ ഭൂമിയിൽ നമ്മെ ജീവിക്കാൻ അനുവദിക്കുന്ന പ്രകൃതിയുടെ കനിവുകളാണ് ഇവയോരോന്നും.

നമ്മൾ ശ്വസിക്കുന്ന വായുവാണ് ഒന്നാമത്തെ അന്നം. ഭക്ഷണം കഴിച്ചില്ലെങ്കിലും ദിവസങ്ങളോളം ജീവിക്കാം, എന്നാൽ വായുവില്ലാതെ മിനിറ്റുകൾ പോലും ജീവി ക്കാനാകില്ല. മരങ്ങളും കാടുകളുമാണ് ഈ ഒന്നാമത്തെ അന്നം നമുക്ക് സൗജന്യമായി ഉത്പാദിപ്പിച്ചു തരുന്നത്. അന്തരീക്ഷത്തിലെ മലിനീകരണം കുറയ്ക്കാനും പ്രാണവായു സംരക്ഷിക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഈ ആശയം നമ്മേ ഓർമ്മിപ്പിക്കുന്നു.

ദാഹമകറ്റാനും ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിനും ആവശ്യമായ ജലമാണ് രണ്ടാമത്തെ അന്നം. പുഴകളും, തടാകങ്ങളും, മഴയുമെല്ലാം ചേർന്നാണ് ഈ അന്നം നമുക്ക് തരുന്നത്. ജലാശയങ്ങളെ മലിനമാക്കാതെയും, മഴവെള്ളം മണ്ണിലേക്ക് ഇറക്കിയും മാത്രമേ ഈ രണ്ടാമത്തെ അന്നത്തെ നമുക്ക് വരുംതല മുറയ്ക്കായി കാത്തുവെക്കാൻ സാധിക്കൂ.

സസ്യങ്ങൾക്കും സസ്യങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ധാന്യങ്ങൾ എന്നിവയ്ക്കുമെല്ലാം ആധാരമായ മണ്ണാണ് മൂന്നാമത്തെ അന്നം. മണ്ണിലെ സൂക്ഷ്മജീവികളും പുഴുക്കളും ചേർന്നാണ് ഈ അന്നത്തെ ഫലഭൂയിഷ്ഠമാക്കുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് മണ്ണിലെ ജീവനെ നശിപ്പിക്കുന്നത് ഈ മൂന്നാമത്തെ അന്നത്തെ വിഷമയമാക്കുന്നതിന് തുല്യമാണ്.

ഭൂമിയിലെ മുഴുവൻ ഊർജ്ജത്തിൻ്റേയും ഉറവിടമായ സൂര്യപ്രകാശമാണ് നാലാമത്തെ അന്നം. സസ്യങ്ങൾ പ്രകാശസംശ്ലേഷണം വഴി ആഹാരം നിർമ്മിക്കുന്നത് ഈ സൂര്യപ്രകാശം ഉപയോഗിച്ചാണ്. മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഡി ലഭ്യതയ്ക്കുമെല്ലാം സൂര്യപ്രകാശം അത്യാവശ്യമാണ്.

മേൽപ്പറഞ്ഞ നാല് അന്നങ്ങളും (വായു, ജലം, മണ്ണ്, സൂര്യപ്രകാശം) ഒത്തു ചേരുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നാണ് അഞ്ചാമത്തെ അന്നം, അതായത് നമ്മൾ നിത്യവും കഴിക്കുന്ന ചോറും കറികളും അടങ്ങിയ ഭക്ഷണം. മുൻപുള്ള നാല് ഘടകങ്ങളും ശുദ്ധമായിരുന്നാൽ മാത്രമേ അഞ്ചാമത്തെ അന്നം ആരോഗ്യ കരമായി നമുക്ക് ലഭിക്കൂ.

നമ്മൾ കഴിക്കുന്ന അഞ്ചാമത്തെ അന്നം നന്നാകണമെങ്കിൽ, ആദ്യത്തെ നാല് അന്നങ്ങളും (പ്രകൃതിയും പരിസ്ഥിതിയും) സംരക്ഷിക്കപ്പെടണം. പ്രകൃതിയെ ചൂഷണം ചെയ്താൽ മനുഷ്യന് നിലനിൽപ്പില്ലെന്ന വലിയൊരു ഇക്കോളജിക്കൽ പാഠമാണ് ദയാൽ സാർ ഈ അഞ്ച് അന്നങ്ങളിലൂടെ സമൂഹത്തിന് നൽകുന്നത്.

തേക്കടി യാത്രയുടെ രണ്ടാം ദിനം രാവിലെ ഏഴുമണിയ്ക്ക് എല്ലാവരും തയ്യാറയി വന്നു. പെരിയാർ ഹൌസിൽ നിന്നും ഒരു കിലോമീറ്ററോളം കാട്ടിന് നടുവിലൂടെ കടന്നുപോകുന്ന  റോഡിലൂടെ ശുദ്ധമായ വായുവും കിളികളും ശബ്ദമാധുരി മയും ആസ്വദിച്ച് നടന്നു. മലയണ്ണാന്മാരേയും കുരങ്ങുകളേയും അവിടെ ധാരാളം കാണാനായി. ബോട്ടിംഗ്  ആയിരുന്നു  അപ്പോഴത്തെ ലക്ഷ്യം.

തേക്കടി എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കാടിനാൽ ചുറ്റപ്പെട്ട ആ നീലത്തടാകവും അതിലൂടെ യുള്ള ബോട്ട് യാത്രയുമാണ്. പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ ബോട്ടിംഗിനോളം മികച്ച മറ്റൊരു വഴിയില്ല.

രാവിലെയുള്ള ബോട്ടിംഗ് ആണ് മൃഗങ്ങളെ കാണാൻ ഏറ്റവും നല്ലതെന്ന ധാരണയാലാണ് യാത്ര തുടങ്ങിയത്. കെ ടി ഡി സി യുടെ  രണ്ട് നിലകളുള്ള വലിയ ടൂറിസ്റ്റ് ബോട്ടിൽ ലൈഫ് ജാക്കറ്റുകളെല്ലാം ധരിച്ച് ഞങ്ങൾ സീറ്റുകളിൽ ഇരുന്നു. ബോട്ടിന്റെ മുകൾത്തട്ടാണ് ഞങ്ങൾ അമ്പത്തിരണ്ട് പേർക്ക് അനുവദിച്ചു തന്നിരുന്നത്. എല്ലാവരും ലൈഫ് ജാക്കറ്റുകളുമായി അവരവരുടെ സീറ്റുകളിൽ സ്ഥാനം പിടിച്ചതോടെ യാത്രയ്ക്ക് തുടക്കമായി.

തടാകത്തിലൂടെ ബോട്ട് മുന്നോട്ട് നീങ്ങുമ്പോൾ വെള്ളത്തിൽ പകുതി മുങ്ങി നിൽക്കുന്ന വലിയ മരക്കുറ്റികൾ കാണാമായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാർ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവുവാങ്ങി മദ്രാസ് സ്റ്റേറ്റിനായി നിർമ്മിച്ച ഡാമിൽ അന്ന് മുങ്ങിപ്പോയ വന്മരങ്ങളുടെ ശേഷിപ്പുകളാണവ. അവയ്ക്ക് മുകളിൽ വെയിൽ കാത്തുനിൽക്കുന്ന നീർക്കാക്കകളും പലതരം പക്ഷികളും തടാകത്തിന് ഒരു പ്രത്യേക ഭംഗി നൽകി. തടാകപ്പരപ്പിൽ നിന്നും ഉയർന്നുവരുന്ന മഞ്ഞും, ചുറ്റുമുള്ള നിബിഡവനങ്ങളും സൂര്യപ്രകാശത്തിന്റെ ഇടയ്ക്കിടെയുള്ള ഒളിഞ്ഞുനോട്ടവും ഒരു സിനിമയിലെ രംഗം പോലെ മനോഹരമായിരുന്നു.

യാത്ര തുടങ്ങി കുറച്ചുദൂരം മുന്നോട്ടുപോയപ്പോൾ ബോട്ടിന്റെ വേഗത കുറഞ്ഞു. തടാകക്കരയിലെ പുൽമേട്ടിൽ ഒരു വലിയ കാട്ടുപോത്തിന്റെ കൂട്ടത്തെ കാണാനായി. അവ പുല്ല് മേഞ്ഞ് നടക്കുകയായിരുന്നു. ഒരു ചെറിയ കുട്ടിയും അവയ്ക്കൊപ്പമുണ്ടായിരുന്നു. കാടിന്റെ ശാന്തതയിൽ ഒട്ടും ഭയമില്ലാതെ മേഞ്ഞുനടക്കുന്ന കലമാനുകളും തേക്കടിയുടെ വന്യതയെ കൂടുതൽ മനോഹര മാക്കി. കാടിനുള്ളിൽ മൃഗങ്ങൾ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ ജീവിക്കുന്നത് കാണുന്നത് നഗരത്തിലെ മൃഗശാലകളിൽ കാണുന്നതിനേക്കാൾ എത്രയോ മനോഹരമാണ്.

തടാകത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ കെ ടി ഡി സി യുടെ ലേക്ക് പാലസ് സ്ഥിതി ചെയ്യുന്ന ഇടത്തെത്തി. അവിടെ നീളനെ മുകളിലേയ്ക്ക്  കെട്ടിയു ണ്ടാക്കിയിട്ടുള്ള സ്റ്റെപ്പുകൾക്ക് ചേരെ ബോട്ട് അടുപ്പിച്ചു. ആ പാലസിൽ താമസത്തിന് വന്നിരുന്ന ചിലരെക്കൂടി ബോട്ടിൽ കയറ്റി യാത്ര തുടർന്നു. മുല്ലപ്പെരിയാർ ഡാമിന്റെ കാഴ്ച കിട്ടുന്ന ഇടം വരെയാണ് ആദ്യമെല്ലാം ബോട്ടിംഗ് നടത്താറ്. എന്നാൽ അതിന് തൊട്ട് മുമ്പുള്ള വിശാലമായ സ്ഥലത്തെത്തിയതും ബോട്ട് തിരിച്ചു. കാരണം 2009 ൽ ഉണ്ടായ കേരളത്തെ നടുക്കിയ തേക്കടി ബോട്ടപകടമാണ്. 2009 സെപ്റ്റംബർ 30 ന് പെരിയാർ തടാകത്തിൽ കെ. ടി. ഡി. സി. യുടെ ‘ജലകന്യക’ എന്ന ഡബിൾ ഡെക്കർ ബോട്ട് മറിഞ്ഞതുമുതൽ അങ്ങോട്ടേയ്ക്കുള്ള യാത്ര വേണ്ടെന്നു വെച്ചു. ആ ദുരന്തത്തിൽ 45 പേരാണ് മരണപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അന്യസംസ്ഥാന വിനോദസഞ്ചാരികളായിരുന്നു. വന്യമൃഗങ്ങളെ കാണാൻ ബോട്ടിന്റെ ഒരു വശത്തേക്ക് ആളുകൾ കൂട്ടത്തോടെ നീങ്ങിയതും, ബോട്ടിൻ്റെ അമിതഭാരവും നിർമ്മാണത്തിലെ പിഴവുകളുമൊക്കെയാണ് ഈ വൻ ദുരന്ത ത്തിന് കാരണമായത്.

ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട ആ യാത്ര കഴിഞ്ഞ് ബോട്ട് തിരികെ ജെട്ടിയിലേക്ക് അടുക്കുമ്പോൾ വല്ലാത്തൊരു സംതൃപ്തിയായിരുന്നു മനസ്സിൽ. ക്യാമറയിൽ പകർത്തിയ ചിത്രങ്ങളേക്കാൾ എത്രയോ മനോഹരമായ ഓർമ്മ കളാണ് ആ ഓളപ്പരപ്പ് ഞങ്ങൾക്ക് സമ്മാനിച്ചത്. തേക്കടിയിൽ പോകുന്ന ആരും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് ഈ ബോട്ട് യാത്ര. കാഴ്ചകൾ മനസ്സിനും അതുവഴി ചിന്തകൾക്കും തലച്ചോറിനും നൽകുന്ന അതിവിശിഷ്ട മായ മറ്റൊരന്നമാണ്. അതിനുവേണ്ടി കൂടിയാണ് വാനപ്രസ്ഥത്തിലൂടെ ദയാൽ സാർ ഇങ്ങനെയൊരു യാത്ര സംഘടിപ്പിക്കുന്നതും.

ഒമ്പതരയോടെ അവസാനിച്ച ബോട്ടുയാത്രയ്ക്ക് ശേഷം പെരിയാർ ഹൌസിലേയ്ക്ക് തിരിച്ചു നടന്നു. അവിടെ ബ്രേക്ക് ഫാസ്റ്റ് തയ്യാറായിട്ടു ണ്ടായിരുന്നു. എല്ലാവരും റൂമുകളിലെത്തി കുളിച്ച് ഫ്രഷ് ആയശേഷം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പിന്നെ വിശ്രമമായിരുന്നു.  പലരും പെരിയാർ ഹൌസിന്റെ ചുറ്റിലുമുള്ള കാടുകളെ നിരീക്ഷിച്ച് ആ പരിസരങ്ങളിൽ ചുറ്റി നടന്നു.

ഒരു മണിയോടെ ഉച്ചഭക്ഷണം കഴിച്ച് എല്ലാവരും ട്രക്കിംഗിന് പോകാൻ തയ്യാറായി. രണ്ടു മണിയോടെ വീണ്ടും ബോട്ടിംഗ് സ്പോട്ടിലേക്ക് നടന്നു. പ്രകൃതി അതിന്റെ എല്ലാ ഭംഗിയോടും വന്യതയോടും കൂടി നിലകൊള്ളുന്ന തേക്കടിയി ലേക്ക് ഒരു യാത്ര പോവുക എന്നത് പണ്ടേയുള്ള ആഗ്രഹമായിരുന്നു. എന്നാൽ ഇത്തവണ സാധാരണ ബോട്ട് യാത്രകളിൽ ഒതുങ്ങാതെ, പെരിയാർ ടൈഗർ റിസർവിൻ്റെ ഉള്ളറകളിലേക്ക് നടന്നു കയറാൻ തന്നെ തീരുമാനിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ ഞങ്ങൾ വനംവകുപ്പിൻ്റെ ഓഫീസിന് മുന്നിൽ എത്തിച്ചേർന്നു. തണുപ്പുള്ള നല്ല ഇളംകാറ്റും ചെറുചൂടുള്ള വെയിലും തേക്കടിയെ പുണർന്നു കിടക്കുകയായിരുന്നു. കാട്ടിലേക്ക് കയറുന്നതിന് മുൻപ് പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ച് ഗൈഡ് ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു. അവരുടെ രജിസ്റ്ററുകളിൽ പേരെഴുതി ഒപ്പിട്ടു. അട്ടകളിൽ നിന്ന് രക്ഷനേടാൻ പ്രത്യേക ‘ലീച്ച് സോക്സുകളും’ ധരിച്ച് ഞങ്ങൾ വനത്തിലേക്ക് കാൽവെച്ചു. ആറുപേർക്ക് ഒരാൾ എന്ന കണക്കിന് അമ്പത്തിരണ്ട് പേർക്ക് ഒമ്പത് ഗൈഡു കൾ ഞങ്ങളെ അനുഗമിച്ചിരുന്നു. പരിചിതമല്ലാത്ത കാട്ടിലേയ്ക്ക് കയറാൻ അതെല്ലാം വേണ്ടത്ര ധൈര്യം പകർന്നു.

തുടക്കത്തിൽ വലിയ മരങ്ങൾക്കിടയിലൂടെയുള്ള ചെറിയ കാട്ടുപാതയായിരുന്നു. ഉള്ളിലേക്ക് കയറുന്തോറും ബഹളങ്ങളെല്ലാം മാറി കാടിൻ്റെ വന്യമായ നിശബ്ദത ഞങ്ങളെ പൊതിഞ്ഞു. പക്ഷേ, അതൊരു പൂർണ്ണമായ നിശബ്ദത യായിരുന്നില്ല; പലതരം പക്ഷികളുടെ കളകൂജനങ്ങൾ, ഇലകൾക്കിട യിലൂടെയുള്ള കാറ്റിൻ്റെ മർമ്മരം, ദൂരെ എവിടെയോ ഒഴുകുന്ന കാട്ടരുവികളുടെ ശബ്ദം… കാടിന് അതിൻ്റേതായ ഒരു സംഗീതമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. നടന്നുനീങ്ങുന്നതിനിടയിൽ പലതരം മരങ്ങളേയും ചെടികളേയും ഗൈഡ് പരിചയപ്പെടുത്തി തന്നു. വഴിയിലുടനീളം വന്യമൃഗങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് തൊട്ടറിയാൻ കഴിഞ്ഞു. കാട്ടുപോത്തുകളുടെയും ആനകളുടെയും കാൽപ്പാടുകൾ വഴിയിൽ പലയിടത്തുമുണ്ടായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ കാട്ടുപോത്തുകളുടെ ഒരു കൂട്ടം, മരങ്ങൾക്കിടയിലൂടെ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടു. മനുഷ്യരുടെ സാന്നിധ്യം അറിഞ്ഞ് അവർ ഞങ്ങളെത്തന്നെ നിരീക്ഷിച്ചു നിൽക്കുകയായിരുന്നു. വഴിയിൽ പലയിടത്തും കേഴമാനിന്റെ കൊമ്പുകൾ ചിതറികിടക്കുന്നുണ്ടായിരുന്നു. അവയെല്ലാം വളർച്ച മുറ്റുമ്പോൾ സ്വയം പൊഴിച്ചുകളയുന്നതാണെന്ന് ഗൈഡ് പറഞ്ഞു തന്നു. ചിലയിടങ്ങളിൽ കാട്ടുപോത്തിന്റെ തലയോട്ടികൾ കൊമ്പോടുകൂടി കിടക്കുന്നത് കാണാമായിരുന്നു. പുലി പിടിച്ചു തിന്നതിന്റെ അവശിഷ്ടമാണെന്ന് ഗൈഡ് അതിനെ പരിചയപ്പെടുത്തി. അതിന് പഴക്കം കണക്കാക്കി എത്ര വർഷം മുമ്പ് ചത്തതാണെന്ന് ഗൈഡ് പറഞ്ഞുതന്നു. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവിൽ ഞങ്ങൾ തിരിച്ചു നടന്നു. തിരികെ നടക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ശാന്തത തോന്നിയിരുന്നു. പ്രകൃതിയെ ഇത്രയും അടുത്തുനിന്നും അതിൻ്റെ വന്യതയോടും കൂടെ അനുഭവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണ്. അഞ്ചുമണിയോടെ ഞങ്ങൾ പെരിയാർ ഹൌസിൽ തിരിച്ചെത്തി. രാത്രി ഭക്ഷണശേഷം എല്ലാവരും ഒത്തുകൂടി യാത്രാനുഭവങ്ങൾ പങ്കവെച്ചു. നല്ല ശുദ്ധമായ വായു, കണ്ണിന് ആനന്ദം തരുന്ന കാഴ്ചകൾ,

മൂന്നാമത്തെ ദിവസം രാവിലെ ആറു മണിയ്ക്ക് എല്ലാവരും പെരിയാർ ഹൌസിലെ പുൽത്തകടിയിൽ ഒത്തുചേർന്നു. ദയാൽ സാർ രൂപകല്പന ചെയ്തിട്ടുള്ള വാനപ്രസ്ഥം എന്ന പ്രകൃതി പഠനപദ്ധതിയിലെ ചില പരിശീലന ക്രമങ്ങൾ അവിടെ എല്ലാവരും പരിശീലിക്കാൻ തയ്യാറായി വന്നു. രോഗമില്ലാതെ ജീവിക്കാനും സ്വാസ്ഥ്യമായി കാര്യങ്ങളെ മുന്നോട്ടു നയിക്കാനും രൂപകല്പന ചെയ്ത് നടപ്പിലാക്കിവരുന്ന ഒരു സംരംഭമാണ് വാനപ്രസ്ഥം. എങ്ങനെ പ്രകൃതിയെ സമീപിക്കണം. എങ്ങനെ മണ്ണും കൃഷിയും പരിപാലിക്കപ്പെടണം. ഏതൊക്കെ വിഭവങ്ങളാണ് വിധിച്ച അന്നമായി ഉപയോഗിക്കാവുന്നത്. ഏതൊക്കെ അളവുകളിൽ ഏതൊക്കെ വിഭവങ്ങളാണ് മനുഷ്യന് ആവശ്യമായത്. ഇത്തരത്തിൽ സമഗ്രമായ കാഴ്ചപ്പാട് ഓരോരുത്തരേയും പഠിപ്പിക്കുന്നതിനാണ് വാനപ്രസ്ഥത്തിലൂടെ ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായി പലർക്കും അതുവരെ കൊണ്ടുനടന്നിരുന്ന രോഗങ്ങളെ ഇല്ലാതാക്കാനായിട്ടുണ്ട്. അതുപോലെ രോഗങ്ങൾ  വരാത്ത അവസ്ഥ സൃഷ്ടിച്ചെടുക്കാനായിട്ടുണ്ട്. അതെല്ലാം ഭൌതിക തലത്തിലുള്ള കാര്യങ്ങളാണെങ്കിൽ അതിനുമപ്പുറം മനുഷ്യന്റെ സമഗ്രമായ വളർച്ചയ്ക്ക്  ആത്മീയതയുടെ കൂടി പിൻബലം ആവശ്യ മാണെന്ന തിരിച്ചറിവിൽനിന്നും അദ്ദേഹം രൂപകല്പന ചെയ്തെടുത്തിട്ടുള്ള പരിശീലനക്രമങ്ങളാണ് നിസ്കാരവും, പ്രാണയാമപരിശീലനങ്ങളും ശംഖൊലിയും സന്നിധാനധ്യാനവും. പ്രപഞ്ചത്തിന്റെ, ഗാലക്സിയുടെ, സൌരയൂഥത്തിൻ്റെ, ഭൂമിയുടെ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡുമായി മനുഷ്യൻ്റെ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിനെ കണക്റ്റ് ചെയ്യുന്നതിനായി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് നിസ്കാരം. നമ്മുടെ ശരീരത്തിന്റെ നാലു നെഗറ്റീവ് കേന്ദ്രങ്ങളെയും മൂന്നു പോസറ്റീവ് കേന്ദ്രങ്ങളേയും ഭൂമിയുടെ കേന്ദ്രങ്ങളുമായി കണക്റ്റ് ചെയ്യുന്ന പ്രക്രിയയാണിത്. ഒത്തുചേർന്ന എല്ലാവരും ആദ്യം നിസ്കാരം ചെയ്തു. അതിനുശേഷം അരണികടയൽ, പാലാഴിമഥനം, തിരുവിളയാടൽ എന്നിങ്ങനെ പേരുകളിൽ ഇരുന്നുകൊണ്ടും നിന്നുകൊണ്ടും ആടികൊണ്ടും ചെയ്യേണ്ട പ്രാണായാമയാണ്. അത് ആന്തരികശരീരത്തെ ശുദ്ധീകരിക്കു ന്നതിനും പ്രാണന്റെ അളവിനെ വർദ്ധിപ്പിക്കുന്നതിനും സഹായകമായ ഒന്നാണ്. അതും എല്ലാവരും ഉത്സാഹത്തോടെ ചെയ്യുകയുണ്ടായി. അതിനുശേഷം ശംഖൊലി എന്ന പേരിൽ രൂപകല്പന ചെയ്തിട്ടുള്ള ക്രിയയാണ് ചെയ്തത്. ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുന്നതിനും അതുവഴി തലച്ചോറിലെ അടക്കം കോശങ്ങളെ വിയർപ്പിക്കുന്നതിനും അതുവഴി അകത്തുള്ള മാലിന്യങ്ങളെ പുറന്തള്ളുകയുമാണ് ഈ ക്രിയയിലൂടെ ലക്ഷ്യമിടുന്നത്. അതും ചെയ്തു കഴിഞ്ഞതിനുശേഷമാണ് സന്നിധാനധ്യാനം ആരംഭിക്കുന്നത്. ഓരോ വ്യക്തികളിലും ഈശ്വരൻ ഇരിക്കുന്ന ഇടമാണ് അവന്റെ ഭ്രൂമധ്യം എന്ന കാഴ്ച്ച പ്പാടിൽ ആജ്ഞാചക്രയെ കേന്ദ്രീകരിച്ച് ധ്യാനത്തിലിരിക്കുന്ന രീതിയാണിത്. അതും എല്ലാവരും ചെയ്തു തീർന്നതോടെ ഒരു പുതിയ പ്രകാശം എല്ലാവരിലും വന്നു നിറഞ്ഞു. ക്രിയകളെല്ലാം കഴിഞ്ഞ് എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി പിരിഞ്ഞു. പതിനൊന്നുമണിയ്ക്ക് മൂന്നു ദിവസത്തെ ക്യാമ്പിന് സമാപനമായി. നിറഞ്ഞ മനസ്സോടെ, സന്തോഷത്തോടെ അങ്ങനെ മടക്കയാത്ര ആരംഭിക്കുകയാണ്.

Related Articles

Back to top button