
ഭുമിക ബുക്സ് പുറത്തിറക്കിയ യൂസുഫ് അലി ചീരക്കുഴിയുടെ രണ്ടാമത്തെ നോവലാണ് വിരലുകൾ തീർത്ത വിസ്മയം. എഴുപത്തിയെട്ട് പേജ് വരുന്ന ഒരു ചെറിയ നോവലാണ് ഇത്. ചടുലമായ ഭാഷയാണ് ഈ നോവലിൻ്റേത്. വായനക്കാരുടെ ശ്രദ്ധയെ ഒരിടത്തേയ്ക്കും വ്യതിചലിപ്പിക്കാതെ തൻ്റെ മാന്ത്രികമായ വാക്കുകളുടെ പ്രയോഗത്തിലൂടെ, കൊച്ചുകൊച്ചുസംഭാഷണ ശകലങ്ങളിലൂടെ ഈ നോവലിൻ്റെ അവസാനം വരെയും പിടിച്ചുനിർത്തുന്ന കാര്യത്തിൽ ഈ യുവ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. ഒരു കൊടുങ്കാറ്റിൻ്റെ ആവേഗമാണ് ഇതിലെ വാക്കുകൾ സൃഷ്ടിക്കുന്ന ഒഴുക്ക്. ആ ഒഴുക്കിലേക്കിറങ്ങിയാൽ ഏതൊരു വായനക്കാരനും അതിൻ്റെ അവസാനത്തിലേ ചെന്ന് നില്ക്കൂ. അത്രയും കരുത്തോടെയാണ് ഇതിലെ വാക്കുകൾ വായനക്കാരനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നത്. കഥ പറയുന്നതിനേക്കാൾ കൊച്ചുകൊച്ചു സംഭാഷണശകലങ്ങളിലൂടെ കഥ വരച്ചുവെയ്ക്കുകയാണ് കഥാകാരൻ ചെയ്തിരിക്കുന്നത്. സേതു എന്ന ആദ്യത്തെ നോവലുപോലെത്തന്നെ കൊടുങ്കാറ്റ് വിതക്കുന്ന വാക്കുകളുമായി വിരലുകൾ തീർത്ത വിസ്മയം വായനക്കാർക്ക് മുന്നിലെത്തിയിരിക്കുന്നു.
പാലക്കാട് ജില്ലയിലെ വടക്കുഞ്ചേരിക്കടുത്ത് ചീരക്കുഴിയിലാണ് യൂസുഫ് അലി ജനിച്ചത്. ആയക്കാട് സി എ ഹൈസ്കൂളിൽനിന്നും മെട്രിക്കുലേഷനും ഇരിങ്ങാലക്കുട ഭാരത് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമയും നേടിയശേഷം സ്വന്തമായി ബിസിനസ്സ് നടത്തി ജീവിക്കുന്ന വ്യക്തിയാണ് യൂസുഫ് അലി ചീരക്കുഴി. സേതു എന്ന പേരിൽ കഴിഞ്ഞ വർഷമാണ് ആദ്യത്തെ നോവൽ പ്രസിദ്ധീകൃതമായത്. വിരലുകൾ തീർത്ത വിസ്മയം രണ്ടാമത്തെ നോവലാണ്.
കൊടുങ്കാറ്റ് വിതക്കുന്ന വാക്കുകൾ എന്ന പിയാർകെ ചേനത്തിൻ്റെ അവതാരികയോടെയാണ് നോവലിലേയ്ക്ക് പ്രവേശനമൊരുക്കുന്നത്. വായനക്കാരുടെ ശ്രദ്ധയെ ഒരു വഴിയ്ക്കും വ്യതിചലിക്കാനനുവദിക്കാതെ തൻ്റെ മാന്ത്രികമായ വാക്കുകളിലൂടെ കൊച്ചുകൊച്ചുസംഭാഷണചതുരിയോടെ ഈ നോവലിൻ്റെ അവസാനംവരെയും പിടിച്ചുനിർത്തുന്നതാണ് ഈ നോവൽ. ഒരു കൊടുങ്കാറ്റിൻ്റെ ആവേഗത്തോടെയാണ് ഇതിലെ വാക്കുകളുടെ ഒഴുക്ക്. ആ ഒഴുക്കിലേക്കിറങ്ങിയാൽ ഏതൊരു വായനക്കാരനും അതിൻ്റെ കുത്തിയൊഴുക്കിൽ ഇഴുകിച്ചേർന്ന് അതിൻ്റെ അവസാനത്തിലേ ചെന്നുനില്ക്കൂ. അത്രയും കരുത്താണ് ഇതിലെ വാക്കുകൾക്കുള്ളത്. സാമൂഹിക പശ്ചാത്തലങ്ങളും ഉപകഥകളും ചേർത്ത് എത്ര വേണമെങ്കിലും ഈ നോവലിനെ വലുതാക്കിയെടുക്കാമെങ്കിലും അതിനൊന്നും ശ്രമിക്കാതെ താൻ ലക്ഷ്യം വെക്കുന്ന വിഷയത്തിലേക്ക് വായനക്കാരനെ ശക്തമായി വലിച്ചടുപ്പിച്ച് കൊണ്ടുപോകുകയാണ് ഗ്രന്ഥകാരൻ.
മാഷേ, എന്ന വിളിയോടെയാണ് നോവൽ ആരംഭിക്കുന്നത്. പുറത്ത് നല്ല മഴ തല്ലിയലക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞാണ് അവൻ്റെ വരവ്. അധ്യയനവർഷം ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് കോളേജിൽ ആദ്യമായെത്തുന്ന ഒരു വിദ്യാർത്ഥിയെ അവതരിപ്പിച്ചുകൊണ്ടാണ് നോവൽ തുടക്കമിടുന്നത്. പരിചിതരായിത്തീർന്ന മറ്റുള്ളവർ അപരിചിതനായ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നത് തുറന്ന മനസ്സോടെയല്ല. മുന്നേ ക്ലാസ്സിൽ എത്തി അധികാരം സ്ഥാപിച്ചവർ അവനെ ഭീഷണമായ ഭാഷയിൽ കീഴ് പ്പെടുത്താൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ അതൊന്നും വകവെയ്ക്കാതെ ഡാനിയേൽ എന്ന ഈ കഥാപാത്രം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ കരുത്തോടെ മുന്നോട്ടുപോകുന്നു. അനസും അജീഷും തങ്ങൾക്കൊരു എതിരാളി എത്തിയിരിക്കുന്നുവെന്ന വിധത്തിലാണ് അവനോട് ക്ലാസ്സിൽ പെരുമാറുന്നത്. ഒരാഴ്ചയായി ക്ലാസ് ആരംഭിച്ചിട്ട് എന്നീട്ടും എന്തേ ഇതു വഴി കണ്ടില്ല. എന്ന അവരുടെ ഭീഷണസ്വരത്തിനുമുന്നിൽ പതറാതെ ഡാനിയേൽ പറഞ്ഞ മറുപടി കവടിയാർ കൊട്ടാരത്തിൽ വിരുന്നിനു പോയതായിരുന്നു എന്നാണ്. അവർ അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചതായിരുന്നില്ല. അവരുടെ അഹന്തയ് ക്കേറ്റ ആദ്യപ്രഹരമായിരുന്നു അത്.
കൊച്ചുകൊച്ചു സംഭാഷണങ്ങളിലൂടെ ഒരു ക്ലാസ് റൂം ഇവിടെ ഗ്രന്ഥകാരൻ വരച്ചുവെക്കുന്നു. ആദ്യപിരിയഡ് കഴിഞ്ഞതും ബാഗിൽ നിന്നും മൊബൈൽ ഫോൺ പോക്കറ്റിൽ തിരുകി പുറത്തുപോകുന്ന ഡാനിയേലിനെനോക്കി അനസും അജീഷും മറ്റു കുട്ടികൾ കേൾക്കേ, പ്രത്യേകിച്ച് പൊൺകുട്ടികൾ കേൾക്കേ വിളിച്ചു പറഞ്ഞു. ജാഡ തെണ്ടി. ഡാനിയേൽ അതൊന്നും വക വെയ്ക്കാതെ പുറത്തുപോയി. ഒരു സിനിമയുടെ തിരക്കഥപോലെ മനോഹര മായ ആദ്യരംഗത്തിന് അവിടെ തിരശ്ശീല വീഴുന്നു.
മൊബൈൽ വ്യാപകമായി പ്രചാരത്തിൽ വരുന്നതിനും മുമ്പുള്ള കാലത്താണ് നോവൽ നടക്കുന്നത് എന്നിടത്താണ് കുട്ടികളുടെ അസൂയ അവനെ ജാഡ തെണ്ടിയായി ചിത്രീകരിക്കുന്നതിനിടയാവുന്നത്. ഡാനിയേലിൻ്റെ ജേഷ്ഠൻ ഗൾഫിൽനിന്നും നാട്ടിൽ വന്നപ്പോൾ അവന് സമ്മാനമായി നൽകിയ മൊബൈൽ ഫോണാണ് ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം. മറ്റൊന്നും ചെയ്യാനില്ലാതെ ഒഴിവുസമയങ്ങളിൽ കിട്ടിയ നമ്പറുകളിലേക്കെല്ലാം വെറുതേ വിരലുകളമർത്തി ആർക്കെന്നില്ലാതെ ഫോൺ ചെയ്യുന്ന ശീലത്തിൽ നിന്നാണ് ഡാനിയേലിന് തൻവി റാം എന്ന അപരിചിതയായ നായികയെ ലഭിക്കുന്നത്. ഒരു വർഷത്തോളമായി നിത്യവും ഫോണിൽ വിളിച്ചും അതിനുകഴിയാത്തപ്പോൾ മെസ്സേജുകൾ അയച്ചും അവൻ അവളോട് അകലാനാകാത്ത വിധം അടുത്തു പോയിരുന്നു. അവൾ ആരെന്നോ എങ്ങനെയിരിക്കുമെന്നോ, എന്തുചെയ്യുന്നു വെന്നോ ഒന്നുമറിയാതെ അവൻ അവളെ പ്രണയിച്ചു. മെസ്സേജായും ഫോൺ കോളായും ലഭിക്കുന്ന അവളുടെ വാക്കുകൾ അവനെ പ്രണയത്തിൻ്റെ വിസ്മയത്തിലേക്ക് ആനയിച്ചു. ഒന്നു കണ്ടുമുട്ടാനുള്ള അവസരത്തിനായി അവൻ കാത്തിരുന്നു. അപ്പൻ മാത്രമുള്ള വീട്ടിൽ ഡാനിയേൽ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.
ഒരു ദിവസം കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലെത്തിയപ്പോൾ അവിചാരിതമായി അനസും അജീഷും അവിടെയെത്തി. അജീഷ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയെ കാണാനായാണ് അവർ അവിടെയെത്തിയത്. അവിടെ വെച്ച് അവർ മൂവരും ഉറ്റസുഹൃത്തുക്കളായി മാറി. അവരുമായുള്ള സംഭാഷണങ്ങൾക്കിടയിൽ ഡാനിയേൽ തൻ്റെ പ്രണയം തുറന്നുപറഞ്ഞു. അടുത്ത ആഴ്ച അവളെ നേരിൽ കാണാൻ കോഴിക്കോട് ബീച്ചിൽ പോകണമെന്നും അതിന് ചിലവിന് കയ്യിൽ പണമില്ലെന്നും പറഞ്ഞപ്പോൾ അജീഷ് തൻ്റെ കയ്യിലെ മോതിരം ഊരിക്കൊടുത്ത് പണയം വെച്ചോളാൻ അനുവാദം നൽകി. ഒരു കണ്ടീഷൻകൂടി അവർ മുന്നോട്ടുവെച്ചു. കോഴിക്കോട് ബീച്ചിലേയ്ക്ക് നമ്മൾ മൂന്നുപേരും ചേർന്ന് പോകും. ഡാനിയേലിന് അത് സമ്മതമായിരുന്നില്ലെങ്കിലും അവസാനം സമ്മതി ക്കേണ്ടി വന്നു.
മൂന്നുപേരും വീട്ടിൽ ഓരോരോ നുണകൾ പറഞ്ഞ് ഒരു ശനിയാഴ്ച അർദ്ധരാത്രിയിൽ ഒലവക്കോട് നിന്നും കോഴിക്കോട്ടേയ്ക്ക് തീവണ്ടി കയറി. പിറ്റേന്ന് ബീച്ചിൽവെച്ച് തൻവിയേയും കൂട്ടുകാരിയേയും അവർ കണ്ടുമുട്ടി. പ്രണയമുദ്രകൾ കൈമാറിയും നാട്ടുവിശേഷങ്ങൾ പങ്കുവെച്ചും ഒരു പകൽ അവർ ബീച്ചിൽ ചിലവഴിച്ചു. തൻവിയുടെ വീട്ടിലേക്കുള്ള വഴികൾ പറഞ്ഞുകൊടുത്ത് പിരിയുമ്പോൾ ഡാനിയേൽ വിവശനായിരുന്നു.
നാട്ടിൽ തിരിച്ചെത്തിയതിനുശേഷം തൻവി അവനെ വിളിക്കാതായി. മെസ്സേജുകൾക്ക് മറുപടിയും ഇല്ലാതായി. അത് ഡാനിയേലിനെ ഭ്രാന്തസമാനനാക്കി, മാത്രമല്ല കോളേജ് കാര്യങ്ങളെല്ലാം അവതാളത്തിലാക്കി. അവൻ വീണ്ടും കോഴിക്കോട് പോയി തൻവിയെ നേരിൽ കാണാൻ തയ്യാറായി. അപ്പോഴും സുഹൃത്തുക്കൾ അവൻ്റെ ഒപ്പം കൂടി. അവർ തൻവി പറഞ്ഞ വീടും പരിസരവും തിരഞ്ഞ് നടന്നു. അങ്ങനെയൊരാൾ അവിടെ താമസിക്കുന്നില്ലെന്ന് അവിടെയുള്ളവർ വ്യക്തമാക്കി. താൻ വഞ്ചിക്കപ്പെട്ടതായി ഡാനിയേലിന് മനസ്സിലായി. അതവനിൽ വല്ലാത്ത വൈഷമ്യമുണ്ടാക്കി. അവർ തിരിച്ച് ടൌണിലെത്തി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോൾ തൻവിയുടെ കൂട്ടുകാരി എന്നുപറഞ്ഞ് ബീച്ചിൽ വന്നിരുന്ന യുവതിയെ അവിചാരിതമായി അവിടെ കണ്ടു. അവർ അവളെ കാണാനായി പുറത്തുവന്നു. അതറിഞ്ഞ അവൾ റോഡ് മുറിച്ചുകടന്ന് ഓടി. അവർ പുറകേ ഓടി. ഗതാഗതതിരക്കുള്ള റോഡിലൂടെ തിടുക്കത്തിൽ മുറിച്ചുകടക്കുന്നതിനിടെ ഒരു ലോറി അജീഷിനെ ഇടിച്ചു തെറിപ്പിച്ചു. അജീഷ് അവിടെവെച്ചുതന്നെ മരണപ്പെട്ടു. ആ സംഭവം ഡാനിയേലിനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. അയാളുടെ മനോനിലയാകെ മാറി മറിഞ്ഞു. അജീഷിൻ്റെ മരണത്തിനുത്തരവാദി താനാണെന്ന കുറ്റബോധം അയാളെ പിടിച്ചുലച്ചു.
വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ അജീഷിൻ്റെ ശവമടക്ക് കഴിഞ്ഞശേഷം ഡാനിയേൽ വീട്ടിലേക്ക് ഉൾവലിഞ്ഞു. നാടും നാട്ടുകാരും സഹപാഠികളും ഡാനിയേലിനെ കുറ്റപ്പെടുത്തി. അവന് ആരേയും അഭിമുഖീകരിക്കാൻ കഴിയാതായി. അനസ് പോലും അയാൾക്ക് എതിരായി മാറി.
വീടിനകത്തെ ഏകാന്തതയിൽ അടയിരുന്ന് മടുത്ത്, കുറേ നാളുകൾക്ക് ശേഷം അയാൾ കോളേജിലേയ്ക്ക് എത്തി. കോളേജിനകത്ത് കോമ്പൌണ്ട് ചുമരിൽ അജീഷിൻ്റെ ചിത്രം അച്ചടിച്ച പോസ്റ്റർ അപ്പോഴും അവനെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അവൻ ക്ലാസ്സിൽ കടന്നുചെന്നപ്പോൾ എല്ലാവരും അവനെ നോക്കി പിറുപിറുത്തു. മൂന്നുസുഹൃത്തുകൾ ഇരുന്നിരുന്ന അവൻ്റെ ബെഞ്ചിൽ ആരുമുണ്ടായിരുന്നില്ല. ഡാനിയേലുള്ള ക്ലാസ്സിലേക്ക് ഇനി താനില്ലെന്ന് പറഞ്ഞ് അനസ് കോളേജിൽ വരാതായിട്ടുണ്ടായിരുന്നു. ഡാനിയേലിനും അവിടെയിരിക്കാനായില്ല. അവൻ പുറത്തെ മഴയിലേക്കിറങ്ങി. ഒരു മഴയത്ത് ക്ലാസ്സിലേക്ക് കയറി വന്ന അവൻ മഴയത്ത് ക്ലാസ്സിൽ നിന്നുമിറങ്ങി. അന്നേരം ക്ലാസ്സിലേക്ക് കയറി വന്ന രമേശൻ മാഷ് ഡാനിയേലിനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം അവൻ്റെ തോളിൽ പിടിച്ചു. ആ കൈ തട്ടിമാറ്റിക്കൊണ്ട് എവിടേക്കെന്നില്ലാതെ അവൻ ഇറങ്ങി നടന്നു. അന്നേരം പ്രമ്പനം കൊള്ളിച്ചുകൊണ്ട് മിന്നൽപ്പിണർ ക്യാമ്പസ്സിനെ മുത്തമിട്ടു. ക്യാമ്പസ്സിനകത്തെ ചുമരിൽ പതിച്ച അജീഷിൻ്റെ ചിത്രത്തിന് താഴെ മഴയുടെ നനുത്ത ചുംബനങ്ങളേറ്റുവാങ്ങി ഡാനിയേൽ…
കഥാസന്ദർഭങ്ങളുടെ വികാസപരിണാമങ്ങൾ വളരെ സ്വാഭാവികമായി തന്നെയാണ് ഈ നോവലിൽ സംഭവിക്കുന്നത്. അതിശക്തമായ ഒഴുക്കാണ് ആദ്യം മുതൽ അവസാനം വരെയും വായനക്കാരന് അനുഭവപ്പെടുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ കനംതൂങ്ങുന്ന വിധമായിരുന്നു നോവലിൻ്റെ ഇതിവൃത്തം അനുഭവപ്പെട്ടത്.
പ്രണയമാണ് നോവൽ കൈകാര്യം ചെയ്തിരുന്ന പ്രധാനവിഷയം. പരിചിതമല്ലാത്ത സ്ഥലത്തുനിന്നും പരിചിതമല്ലാത്ത ഒരു പെൺകുട്ടിയെ യാതൊരു മുൻപരിചയവുമില്ലാതെ മൊബൈൽ കോളിലൂടെ… തൻവി യഥാർത്ഥത്തിൽ ആരാണ് ഡാനിയേലിന്… അവൻ്റെ എല്ലാമെല്ലാമാണ് എന്നാൽ തൻവിയ്ക്ക് ഡാനിയേൽ ആരായിരുന്നു… ഓരോ ചതിക്കുഴികൾ സ്വയം തീർക്കുന്നതിൽ നിന്നും നമ്മുടെ യുവത പിൻമാറണമെന്ന ശക്തമായ സന്ദേശമാണ് ഈ നേവൽ നൽകുന്നത്. ഒരു പ്രണയത്തിൻ്റെ തകർച്ച ഡാനിയേലിന് ഒരു പക്ഷെ, സഹിക്കാൻ പ്രാപ്തി നൽകുമായിരിക്കാം. എന്നാൽ അവളെ കണ്ടെത്താനുള്ള യാത്രയിൽ തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്ത് നഷ്ടമാകുന്നതോടെ കഥയുടെ സ്വഭാവം മാറുന്നു. അത് ദുരന്തമായി മാറുന്നു. സോഷ്യൽ മീഡിയ കാലത്ത് അപരിചിതരുമായുള്ള ബന്ധങ്ങൾ വളരെ കരുതലോടെ മാത്രമേ കാണാൻ പാടുള്ളൂ എന്ന് ഈ നോവൽ വായനക്കാരനെ ഉദ്ബോധിപ്പിക്കുന്നു. അതുതന്നെയാണ് ഈ നോവലിൻ്റെ സാമൂഹികപ്രസക്തിയും. ഇവിടെ പ്രണയമായിരുന്നു മുഖ്യവിഷയമെങ്കിലും നോവൽ അതിൻ്റെ സ്വഭാവികവളർച്ചയിൽ പ്രണയ ത്തിൻ്റെ പരിധിയുംതകർത്ത് സാമൂഹിക സുരക്ഷയുടെ നേരെ ഭീഷണമായി ത്തീർന്നിരിക്കുന്ന സമൂഹമാധ്യമവ്യവഹാരങ്ങളെ ഉയർത്തിക്കാണിക്കുന്നു. ഇന്നത്തെ തലമുറ നേരിടേണ്ടിവരുന്ന സാമൂഹികവിപത്തിനെ ഉയർത്തിക്കാണിക്കുന്നു. വിരലുകൾ തീർത്ത വിസ്മയം എന്ന പേരുതന്നെ വളരെ ബോധപൂർവ്വം ഗ്രന്ഥകാരൻ ഉപയോഗിച്ചതാണ്. മൊബൈലും കമ്പ്യൂട്ടറും ലോകം കീഴടക്കിയ കാലത്ത് വിരലുകൾ ആണ് ലോകത്തെ കാണിച്ചുതരുന്നതും പരിചയപ്പെടുത്തുന്നതും അത് മായ്ചുകളയുന്നതും. എന്തെന്ത് വിസ്മയങ്ങളാണ് നിത്യവും നമ്മുടെ വിരലുകൾ നമുക്ക് മുന്നിൽ നിവർത്തിയിടുന്നത്. വളരെയേറെ പ്രതീകാത്മകവും ആഴത്തിലുള്ളതുമായ ഒരു വിഷയംതന്നെയാണ് വിരലുകൾ തീർത്ത വിസ്മയത്തിലൂടെ ഇവിടെ നോവലിസ്റ്റ് അനാവൃതമാക്കുന്നത്.
ഓരോരോ ദൃശ്യങ്ങളായാണ് നോവൽ നമുക്കുമുന്നിൽ കാഴ്ചകളെ വിടർത്തിയിടുന്നത്. ആ ദൃശ്യങ്ങൾ നമുക്കു കാണിച്ചുതരുന്നത് ഇതെല്ലാമറിയുന്ന മറ്റൊരാൾ ആണ്. അത് നായകനോ മറ്റുള്ളവരോ അല്ല സർവ്വജ്ഞനായ ഒരു മൂന്നാം പുരുഷൻ ആണത്. അയാളിലൂടെ വരച്ചുവെക്കപ്പെടുന്ന ചിത്രങ്ങളാണ് നോവലിൻ്റെ മുന്നോട്ടുള്ള പ്രയാണം തീരുമാനിക്കപ്പെട്ടിരിക്കുന്നത്. അതിനായി ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ലളിതവും സാധാരണക്കാരൻ്റെ സംഭാഷണശകലങ്ങളുമാണ്. എന്നാൽ അവയുടെ സംവദിക്കാനുള്ള ശക്തി അപാരമായ ഒന്നായി നിലകൊള്ളുന്നു.
ക്യാമ്പസ് ദിവസങ്ങളിൽനിന്നു തുടങ്ങി പ്രണയത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് ക്യാമ്പസ്സിന് പുറത്തേയ്ക്ക് സഞ്ചരിക്കുകയും കഥയുടെ പ്രധാനവിഷയം പ്രണയമാണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സഞ്ചരിക്കുകയും എന്നാൽ നായകൻ നായികയാൽ ചതിക്കപ്പട്ടതാണെന്ന സത്യം വിശ്വസിക്കാനാവാത്ത വിധം മുന്നിൽ വന്നു നിന്നപ്പോൾ പതറിപ്പോയ നായകനും കൂട്ടുകാരും ഒരു വാഹന അപകടത്തിലൂടെ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെങ്കിലും അപ്പോഴേയ്ക്കും കഥയുടെ ഗതി മറ്റൊന്നായി പരിവർത്തനപ്പെട്ടുകഴിഞ്ഞിരുന്നു. സഹപാഠിയില്ലാത്ത ക്ലാസ്സിലേയ്ക്ക് പോകാൻ സാധിക്കാതെ ഒറ്റയായിപ്പോയ നായകൻ തൻ്റെ പരാധീനതകളിൽനിന്നും മുക്തനാകുന്നതിന് വീണ്ടും കോളേജിലെത്തുമ്പോൾ ഒന്നടങ്കം തന്നെ ക്രൂശിക്കാനെന്നോണം എതിരുനിൽക്കുന്നതായി നായകൻ തിരിച്ചറിയുന്നു. അവസാനം അജീഷിൻ്റെ ചിത്രത്തിനുതാഴെ മഴ നനഞ്ഞ് എവിടെയും പോകാനില്ലാതെ, കാത്തിരിക്കുമ്പോൾ നോവൽ അതിൻ്റെ യഥാർത്ഥ ക്ലൈമാക്സിലേക്ക് കടന്നുവരുന്നു. ഒരൊറ്റ വാക്കുപോലും അനാവശ്യമായി ഇല്ല എന്നതാണ് ഈ നോവലിൻ്റെ ശക്തി. അനാവശ്യമായ നീട്ടലോ കുറയ്ക്കലോ കാണാനാവില്ല. വേഗത അല്പം കൂടിപ്പോയോ എന്ന് ഒരു ശങ്ക ഇല്ലാതില്ല. നീണ്ട വിവരണങ്ങൾക്കുപകരം ചെറിയ ചെറിയ സംഭാഷണ ശകലങ്ങൾ വായനക്കാരെ ഒരിക്കലും മടുപ്പുളവാക്കാതെ വായിക്കാൻ തല്പരരാക്കിത്തീർക്കുന്നതാണ്. വായനക്കാരനെ ആകർഷിക്കുന്ന എഴുത്തുരീതിയാണ് യൂസുഫ് അലി ചീരക്കുഴി ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നത്. വായനക്കാരിൽ ദുഃഖം നിറക്കുകയും ഒപ്പം തങ്ങൾക്ക് നേരിട്ടറിയാത്ത ലോകത്ത് പ്രവേശിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നതാണ് ഈ നോവൽ.




